വീടെന്ന വാഗ്ദാനം പ്രാവര്‍ത്തികമാക്കും, ആരെയും പറ്റിച്ചിട്ടില്ല; രാധിക വെമൂലയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി യൂത്ത് ലീഗ്

രാധിക വെമൂല

വീടിന് പണം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന രാധികാ വെമൂലയുടെ ആരോപണത്തില്‍ മറുപടിയുമായി യൂത്ത് ലീഗ്. രോഹിത് വെമൂലയുടെ കുടുംബത്തെ പറ്റിച്ചിട്ടില്ലെന്നും വാഗ്ദാനം നല്‍കിയതുപോലെ വീട് അവരുടെ കുടുംബത്തിന് യാഥാര്‍ത്ഥ്യമാക്കുമെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ റിപ്പോര്‍ട്ടര്‍ ടിവി വെബ്‌സൈറ്റിനോട് പ്രതികരിച്ചു. രണ്ട് ബെഡ് റൂം വീടാണ് മുസ്‌ലിം ലീഗ് രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂലയ്ക്ക് വാഗ്ദാനം ചെയ്തത്. ഇത് യൂത്ത് ലീഗിലൂടെയാണ് നടപ്പിലാക്കുന്നത്. അല്ലാതെ യൂത്ത് ലീഗും മുസ്‌ലിം ലീഗും വെവ്വേറ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല. 20 ലക്ഷം രൂപയാണ് വീടിന് കണക്കാക്കിയിരിക്കുന്നത്.

വീട് വയ്ക്കാന്‍ സ്ഥലം തങ്ങള്‍ തന്നെ കണ്ടെത്താമെന്നായിരുന്നു രാധിക വെമൂല പറഞ്ഞത്. ആദ്യം വീടിനുള്ള സ്ഥലം ആന്ധ്രയിലെ റിട്ടയേഡ് ഐപിഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഓഫര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ അത് രജിസ്റ്റര്‍ ചെയ്ത് കിട്ടുമെന്നും അറിയിച്ചു. എങ്കില്‍ ആ സ്ഥലത്ത് വീട് വച്ച്‌നല്‍കാമെന്ന് വാക്കുനല്‍കി. വസ്തു രജിസ്റ്റര്‍ ചെയ്ത് കിട്ടുന്നതിനായി ഒരു വര്‍ഷം വരെ കാത്തിരുന്നു. എന്നാല്‍ 2017 ജൂലൈയില്‍ ഈ സ്ഥലം കിട്ടില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് മൂത്തമകന്റെ വീടിനടുത്ത് വീട് കണ്ടെത്താനുള്ള ശ്രമം നടത്തി, വീട് കണ്ടെത്തി. വീട് വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അതുമായി ബന്ധപ്പെട്ട പേപ്പറുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ വില്‍പ്പന തടസ്സപ്പെട്ടു.

തുടര്‍ന്ന് ഗുണ്ടൂരില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങാന്‍ തീരുമാനിച്ചെന്നും അതിനായി അഞ്ച് ലക്ഷം രൂപ അഡ്വാന്‍സായി വേണമെന്നും കഴിഞ്ഞ മാസം അറിയിച്ചു. അവര്‍ ആവശ്യപ്പെട്ട പ്രകാരം അഞ്ച് ലക്ഷം രൂപ രണ്ട് ചെക്കുകളായി (രണ്ടരലക്ഷം വീതം) അയച്ചുകൊടുത്തു. ഒരു ചെക്ക് ഉപയോഗിച്ച് രണ്ടരലക്ഷം അവര്‍ പിന്‍വലിച്ചിട്ടുണ്ട്. രണ്ടാമത്തെ ചെക്ക് ക്ലറിക്കല്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് മടങ്ങിയതാണ്. അല്ലാതെ ചെക്ക് നല്‍കി പറ്റിച്ചതല്ല. അപ്പാര്‍ട്ട്‌മെന്റിന്റെ കച്ചവടം ഉറപ്പിച്ചാല്‍ ബാക്കി തുകയും നല്‍കും. ഇതിനിടയ്ക്ക് രോഹിതിന്റെ സഹോദരന് ജോലി ആവശ്യത്തിനായി ഒരു ഗുഡ്‌സ് വണ്ട് വാങ്ങുന്നതിന് ഒരു ലക്ഷം രൂപയും നല്‍കി സഹായിച്ചിട്ടുണ്ട്. സുബൈര്‍ പറഞ്ഞു.

രാധിക വെമൂലയ്ക്ക് വീടാണ് വാഗ്ദാനം ചെയ്തത് അല്ലാതെ പണമല്ല. വീടില്ലാത്തവര്‍ക്ക് വീട് എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് പകരമായി പണം കൊടുക്കില്ല. പണം കൊടുത്താല്‍ ഞങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാകില്ല. പണമായിട്ട് നല്‍കിയാല്‍ അത് ചിലപ്പോള്‍ പ്രയോജനം ചെയ്യാതെ പോകും. വീട് എന്ന വാഗ്ദാനത്തില്‍ മുസ്‌ലിം ലീഗും യൂത്ത് ലീഗും ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ആ വാഗ്ദാനം പ്രാവര്‍ത്തികമാക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. സന്തോഷം മാത്രമെ ഉള്ളൂ.

രാധിക വെമൂലയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചെന്ന ആരോപണവും സത്യമല്ല. മുസ്‌ലിം ലീഗിന്റെ വേദിയില്‍ അവര്‍ വന്നിട്ടുണ്ട്. എന്നാല്‍ മുസ് ലിം ലീഗിന്റെ വേദിയില്‍ മാത്രമല്ല അവര്‍ വന്നിട്ടുള്ളത്. ഡിവൈഎഫ്‌ഐ, സിപിഐ തുടങ്ങിവരുടെ വേദികളിലും എത്തിയിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ വേദിയിലെല്ലാം അവര്‍ വന്നിട്ടുണ്ട്. സുബൈര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇന്ന് മലയാളത്തിലെ ഒരു ദിനപ്പത്രവുമാണ് രാധിക വെമൂലയുടെ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് ലീഗ് വാഗ്ദാനം ചെയ്ത വീട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി തങ്ങളെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നെന്നും രാധിക ആരോപിച്ചു.

DONT MISS
Top