പൊലീസുകാര്‍ ഇനി ദാസ്യപ്പണിക്ക് പോകരുത്; ശക്തമായ നിലപാടുമായി അസോസിയേഷന്‍

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിക്കെതിരെ നിലപാട് കടുപ്പിച്ച് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഇനി ദാസ്യപ്പണി ചെയ്യേണ്ടെന്ന് അസോസിയേഷന്‍ യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കി. ക്യാമ്പ് ഫോളോവേഴ്‌സിനെ കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായുള്ള കൂടുതല്‍ പരാതികള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് തീരുമാനം.

ദാസ്യപ്പണി ചെയ്യിക്കുന്ന ഉന്നതരുടെ പേരുകളും കണക്കുകളും ബുധനാഴ്ച പുറത്തുവിടുമെന്നും ഇവ ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

അതേസമയം, വീടുകളില്‍ ജോലിചെയ്യിക്കുന്ന ക്യാമ്പ് ഫോളോവേഴ്‌സിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ച് തുടങ്ങി. ക്യാമ്പ് ഫോളോവേഴ്‌സിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഡിജിപി അടിയന്തര ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ തടിതപ്പാനുള്ള ഈ നീക്കം നടത്തുന്നത്. എന്നാല്‍ കണക്കെടുപ്പ് പ്രഹസനമാണെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. രേഖയില്‍ ഉള്ള വിവരങ്ങള്‍ മാത്രമെ ജില്ലാ പൊലീസ് മേധാവികള്‍ ആസ്ഥാനത്ത് അറിയിക്കുകയുള്ളൂവെന്നും രേഖയില്‍ കാണിക്കാതെ നിരവധി പൊലീസുകാരെ വീട്ടുവേലയ്ക്ക് ഉപോഗിക്കുന്നുണ്ടെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ശനിയാഴ്ച ഡിജിപി ബെഹ്‌റ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ക്യാമ്പ് ഫോളോവേഴ്‌സിന്റെ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20 ന് മുഖ്യമന്ത്രി പൊലീസിലെ ഉന്നതരുടെ യോഗവും വിളിച്ചിട്ടുണ്ട്.

എഡിജിപി സുധേഷ് കുമാറിന്റെ മകളില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ദാസ്യപ്പണിയുടെ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ നിരവധി പൊലീസുകാര്‍ പരാതികളുമായി രംഗത്തെത്തി. സുധേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ ഗവാസ്‌റെക്കൊണ്ട് വീട്ടുവേല ചെയ്യിച്ചിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഗവാസ്‌കറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സായുധസേന മേധാവി സ്ഥാനത്ത് നിന്ന് സുധേഷ് കുമാറിനെ നീക്കി. പകരം നിയമനം നല്‍കിയിട്ടുമില്ല.

ഇതിനിടെ ദാസ്യപ്പണിക്ക് നിര്‍ബന്ധിക്കുന്നതിന്റെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. തൃശൂരില്‍ ഐപിഎസ് ട്രെയിനി വീട്ടിലെ അടുക്കള മാലിന്യം കളയാന്‍ വിസമ്മതിച്ച പൊലീസുകാരനെ സ്ഥലം മാറ്റിയതായാണ് ആരോപണം. തൃശൂര്‍ മണ്ണൂത്തി പൊലീസ് സ്റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് ആരോപണം. സ്‌പെഷ്യല്‍ ആംഡ് ബറ്റാലിയനിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് പിവി രാജുവിനെതിരെയും ദാസ്യവേല ചെയ്യിച്ചതായി ഡിജിപിക്ക് പരാതി ലഭിച്ചിട്ടുണ്ട്. പൊലീസുകാരെക്കൊണ്ട് ടൈല്‍ പാകിച്ചത് ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top