സൗദി ടീമിന് പിന്തുണയുമായി റിയാദില്‍നിന്നും സൈക്കിളില്‍ സൗദി യുവാവ് റഷ്യയില്‍

ജിദ്ദ: റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്‌സരം കാണാന്‍ സൗദിയില്‍നിന്നും സൈക്കിളില്‍ സഞ്ചരിച്ച് മോസ്‌ക്കോയിലെത്തിയ സൗദി പൗരന്‍ തന്റെ അനുഭവം പങ്കുവെച്ചു. ഫഹദ് അല്‍ യഹ്‌യയാണ് തന്റെ സഞ്ചാരത്തിലെ അനുഭവം പങ്കുവെച്ചത്. തങ്ങളുടെ ദേശീയ ടീമിന് പിന്തുണ അറിയിച്ചാണ് അതിസാഹസികമായും വ്യത്യസ്ഥമായുമുള്ള യാത്ര സംഘടിപ്പിച്ചതെന്ന് ഫഹദ് അല്‍ യഹ്‌യ പറയുന്നു.

നാല് രാജ്യങ്ങള്‍ പിന്നിട്ടാണ് റഷ്യയിലെത്തിയത്. അയ്യായിരത്തി ഒരുനൂറ്റി നാല്‍പത്തി അഞ്ച് കിലോമീറ്റര്‍ പിന്നിട്ടാണ് ഇരുചക്ര യാത്ര മോസ്‌കോയില്‍ എത്തിയത്. പ്രതിദിനം നൂറ് കിലോമീറ്ററോളമാണ് യാത്ര. റിയാദില്‍ നിന്നും ഖസീമിലേക്കും അവിടെനിന്ന് ഈജിപ്തിലെ അലക്‌സാഡ്രിയ വഴി തുര്‍ക്കി സന്ദര്‍ശിച്ചാണ് മോസ്‌കോയിലെത്തിയത്. എഴുപത്തി അഞ്ച് ദിവസമാണ് യാത്രക്കായി എടുത്തത്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് കൈമാറിയ ദേശീയ പതാകയും ഏന്തി മോസ്‌ക്കോയിലെത്തി സൗദി അംബാസിഡര്‍ റായിദ് അല്‍ ഖുര്‍മാലിക്ക് പതാക കൈമാറി.

ലോക കപ്പില്‍ തന്റെ രാജ്യത്തിന്റെ ടീമിന് പിന്തുണ അറിയിച്ചാണ് സൈക്കിളിലൂടെയുള്ള തന്റെ യാത്രയെന്ന് 28 കാരനായ ഫഹദ് അല്‍ യഹ്‌യ പറഞ്ഞു. സൗദി ദേശീയ ടിമിനെയും ഫഹദ് അല്‍ യഹ്‌യ സന്ദര്‍ശിക്കുകയുണ്ടായി. ഇത്രയധികം ദൂരം പ്രതിബന്ധങ്ങളെ തരണം ചെയ്ത് ടീമിനെ സപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫഹദ് അല്‍ യഹ്‌യയെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീം(എസ്എഎഫ്എഫ്) പ്രസിഡന്റ് ആദില്‍ ഇസ്സാത്ത് അഭിനന്ദിക്കുകയുണ്ടായി.

യാത്രയില്‍ ഫഹദ് അല്‍ യഹ്‌യക്ക് അപകത്തെ അഭിമുഖികരിക്കേണ്ടിവന്നിരുന്നു. ലോറിയുമായുണ്ടായ അപകടത്തില്‍ തലയുടെ പിന്‍ഭാഗത്ത് പരിക്കേറ്റിരുന്നു. യാത്ര ഏറെ ക്‌ളേശകരമായിരുന്നുവെന്ന് ഫഹദ് അല്‍ യഹ്‌യ പറയുന്നു. സൗദി അറേബ്യന്‍ ടീമിനോടുള്ള അടങ്ങാത്ത ആവശമാണ് തന്റെ ഇരുപതാം വയസ്സു മുതല്‍ ഇത്തരമൊരു സാഹസിക യാത്രക്ക് ആഗ്രത്തിഹിരുന്നതായി ഫഹദ് അല്‍ യഹ്‌യ പറഞ്ഞു. 1998, 2002, 2006 എന്നീ വര്‍ഷങ്ങളിലും ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. അവസാനം 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ ഫഹദ് അല്‍ യഹ്‌യ തന്റെ സ്വപ്നം പൂവണിയിച്ചു.

സൗദി സ്‌പോട്‌സ് ജനറല്‍ അതോറിറ്റി യാത്രാ സംബന്ധമായ കാര്യത്തിനായി ഏറെ സഹകരണം നല്‍കിയതായി ഫഹദ് അല്‍ യഹ്‌യ പഞ്ഞു. ഉദ്ഘാടന മത്‌സരത്തില്‍ സൗദി ടീം റഷ്യയോട് 5 ഗോളിന് തോറ്റിരുന്നു. വരുന്ന 20ാം തീയ്യതിയാണ് ഉറുഗ്വേയുമായുള്ള സൗദി ടീമിന്റെ രണ്ടാമത്തെ മത്‌സരം. സൗദി ടീമിന് മുന്നേറാനാകുമെന്ന പ്രതീക്ഷയാണ് ഫഹദ് അല്‍ യഹ്‌യക്കുള്ളത്. റഷ്യന്‍ മാധ്യമങ്ങള്‍ വന്‍ കവറേജാണ് ഫഹദ് അല്‍ യഹ്‌യയുടെ യാത്രക്കു നല്‍കിയിരിക്കുന്നത്.

DONT MISS
Top