പൊതുകുളത്തില്‍ കുളിച്ചതിന് ദലിതരായ മൂന്ന് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ചു

ജാഗണ്‍: പൊതുകുളത്തില്‍ കുളിച്ചതിന് ദലിതരായ മൂന്ന് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ ജാഗണ്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ചൂടുസഹിക്കാനാകാതെ വന്നപ്പോള്‍ കുട്ടികള്‍ പൊതുകുളത്തില്‍ ഇറങ്ങി നീന്തിക്കുളിക്കുകയായിരുന്നു. ഇതുകണ്ട ഗ്രാമീണരിലൊരാള്‍ മറ്റുള്ളവരെ വിവരമറിയിക്കുകയും ഇവര്‍ കുട്ടികളെ കരയ്ക്കു കയറ്റി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിന് ശേഷം കുട്ടികളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്തു.

ജൂണ്‍ 10 നാണ് സംഭവം നടന്നത്. സംഭവം കണ്ട ഗ്രാമീണരിലാരോ പകര്‍ത്തിയ വീഡിയോ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സാമൂഹിക നീതി വകുപ്പ് മന്ത്രി ദിലീപ് കാംബ്ബി പറഞ്ഞു.

എസ്‌സി-എസ്ടി ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ ഇടവരുത്തില്ലെന്നും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ഉറപ്പുനല്‍കി. സംഭവത്തെക്കുറിച്ച് യൂണിയന്‍ സോഷ്യല്‍ വെല്‍ഫെയര്‍ മന്ത്രി രാംദാസ് അത്വാലെ അപലപിച്ചു. കുട്ടികള്‍ മര്‍ദ്ദിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാര്‍ ഉടന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദലിതരായ കുട്ടികള്‍ പൊതുകുളത്തില്‍ ഇറങ്ങിയതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചത്. ഇതില്‍ അസ്വസ്ഥരായ ഇവര്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ലെതര്‍ ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചതിന്റെ പാടുകള്‍ കുട്ടികളുടെ ശരീരത്തിലുണ്ട്. കുട്ടികളുടെ കുടുംബങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുതിര്‍ന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖാഡ്‌സ്, ഗുജറാത്ത് ദളിത് നേതാവ് ജിന്‍ഗേഷ് മീാനാനി, മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് ചവാന്‍, മുന്‍മന്ത്രി ലക്ഷ്മണ്‍ ധോബേലെ എന്നിവര്‍ സംഭവത്തെ അപലപിക്കുകയും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ദലിതര്‍ക്ക് എതിരായി നടന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് ചവാന്‍ ചവാന്‍ പറഞ്ഞു. ദലിതര്‍ക്കെതിരായ നിരവധി ആക്രമണങ്ങള്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദലിതരെ ആക്രമിക്കുന്നവരെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ചവാന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കോണ്‍ഗ്രസ് പ്രതിനിധി സംഘം വെള്ളിയാഴ്ച ഗ്രാമം സന്ദര്‍ശിക്കും.

DONT MISS
Top