ഗണേഷ്‌കുമാര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്; നടപടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന്

അനന്തകൃഷ്ണൻ, ഷീന

കൊല്ലം: കൊല്ലം അഞ്ചലില്‍ എംഎല്‍എ ഗണേഷ് കുമാര്‍ മകനേയും തന്നെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. ചവറ കോടതിയില്‍ ഇന്ന് ഉച്ചയ്ക്ക് മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് പൊലീസ് നോട്ടീസ് നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് വീട്ടമ്മ പരാതി നല്‍കിയിട്ടും എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാതെ മെല്ലപ്പോക്കിലാണ് പൊലീസ്.

ഗണേശ് കുമാറില്‍ നിന്ന് മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ മാതാവും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ ഷീനയാണ് ഗണേശ് കുമാര്‍ എംഎല്‍എ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി പൊലീസിന്പരാതി നല്‍കിയത്. എന്നാല്‍ ഗണേശിനെതിരെ നിസാരവകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കണമെന്ന നിയമം നിലനില്‍ക്കെയാണ് പൊലീസിന്റെ ഈ നടപടി.

കേസെടുക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും വനിത കമ്മീഷന്‍ അടക്കമുള്ളവര്‍ക്കും ഷീന വീണ്ടും പരാതി നല്‍കി. അതിനെ തുടര്‍ന്നാണ് ഷീനയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. ചവറ കോടതിയില്‍ എത്തി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കാനാണ് നിര്‍ദേശം. ഉച്ചയ്ക്ക് 2.30ന് മജിസ്‌ട്രേറ്റിനു മൊഴി നല്‍കുമെന്ന് ഷീന പറഞ്ഞു. എം.എല്‍.എ മര്‍ദ്ദിച്ച വിവാദം ശക്തമായി തുടരുമ്പോഴും കേസ് അന്വേഷണത്തില്‍ പൊലീസ് മെല്ലെപ്പോക്കിലാണ്.

13ന് ഉച്ചയ്ക്ക് നടന്ന സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരായ കൃത്യമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല എന്നാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് അന്വേഷണം മറ്റൊരു സംഘത്തെ ഏല്‍പ്പിക്കണമെന്നുമുള്ള ഷീനയുടെ ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.

DONT MISS
Top