കന്നിടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ ദയനീയ പരാജയമേറ്റുവാങ്ങി അഫ്ഗാന്‍ ക്രിക്കറ്റ് ടീം

വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേയുടെ ആഹ്‌ളാദം

ബംഗളുരു: ചരിത്രത്തില്‍ ഇടംപടിച്ച തങ്ങളുടെ ആദ്യടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന് പരാജയം. ഇന്ത്യയോട് ഒരു ഇന്നിംഗ്‌സിനും 262 റണ്‍സിന്റെയും കനത്തതോല്‍വിയാണ് ടെസ്റ്റിലെ കന്നിക്കാര്‍ ഏറ്റുവാങ്ങിയത്. അഞ്ച് ദിവസത്തെ കളി രണ്ട് ദിവസം കൊണ്ട് അവസാനിച്ചു. ഇതും ഒരു റെക്കോര്‍ഡാണ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 474 റണ്‍സാണ് നേടിയത്. തുടര്‍ന്ന് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലെ ആദ്യ ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ ടീമിന് കാര്യമായൊന്നും ചെയ്യാനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ 109 റണ്‍സ് മാത്രം നേടി ഫോളോ ഓണ്‍ ചെയ്ത സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 103 റണ്‍സിന് തകര്‍ന്നു. ഇതോടെ ഒരു ഇന്നിംഗ്‌സിനും 262 നും വിജയം ഇന്ത്യക്കൊപ്പമായി.ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാനും മുരളി വിജയും സെഞ്ചുറികള്‍ നേടി.

നാല് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവുമാണ് അഫ്ഗാനെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തത്. 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹഷ്മത്തുള്ള ഷാഹ്ദിക്ക് മാത്രമാണ് അഫ്ഗാന്‍ നിരയില്‍ എന്തെങ്കിലും ചെയ്യാനായുള്ളൂ. നാലുവിക്കറ്റുകള്‍ വീഴ്ത്തിയ ഓഫ്‌സ്പിന്നര്‍ അശ്വിനാണ് സന്ദര്‍ശകരെ ആദ്യ ഇന്നിംഗ്സില്‍ തകര്‍ത്തത്.

ട്വന്റി-20യില്‍ ബംഗ്ലദേശിനെ വിറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തിയ അഫ്ഗാന്‍ ടീമിന് പക്ഷെ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ ദയനീയമായി തകരാനായിരുന്നു വിധി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top