കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലാക്കാനാകുന്നില്ല, ബിജെപി സംസ്ഥാന നേതൃത്വം പ്രതിസന്ധിയില്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാനാവാതെ ബിജെപി നേതൃത്വം. അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയരുകയും ചെയ്യുന്നുണ്ട്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലെ തര്‍ക്കം പരിഹരിക്കാനാകാതെ പോകുന്നത് വെല്ലുവിളിയാകുന്നുവെന്ന് നേതാക്കളും സമ്മതിക്കുന്നു.

സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ പറ്റിയ ഏറ്റവും അനുകൂല സാഹചര്യമാണ് കടന്നു പോകുന്നതെന്ന് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. എന്നാല്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തത് ആരാണ് തന്ത്രങ്ങള്‍ മെനയേണ്ടതെന്നും നടപ്പിലാക്കേണ്ടതെന്നുമുള്ള കാര്യത്തില്‍ അവ്യക്തത സൃഷ്ടിക്കുന്നു.

പ്രതീകാത്മക ചിത്രം

മോദി തരംഗമുണ്ടാക്കിയ 2014 നേക്കാള്‍ ശുഭകരമായ രാഷ്ട്രീയ സാഹചര്യം അപ്രതീക്ഷിതമായി വന്നു ചേര്‍ന്നിട്ടും അത് പാഴായി പോകുന്നതിന്റെ നിരാശയും അമര്‍ഷവും ബിജെപി നേതൃത്വത്തില്‍ പ്രകടമാണ്. എഎന്‍ രാധാകൃഷ്ണന്‍, പിഎസ് ശ്രീധരന്‍ പിള്ള എന്നീ പേരുകളോടാണ് അധ്യക്ഷപദവിയിലേക്ക് ആര്‍എസ്എസ് താത്പര്യം പ്രകടിപ്പിക്കുന്നത്. വി മുരളീധരവിഭാഗം ഉയര്‍ത്തുന്ന എതിര്‍പ്പാണ് അന്തിമതീരുമാനമെടുക്കാന്‍ കഴിയാതെ പോകുന്നതിന് കാരണം. കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരെ നേതൃനിരയിലേക്ക് കൊണ്ടുവന്നാല്‍ പ്രാതിനിധ്യം പിന്‍വലിച്ച് സഹായം അവസാനിപ്പിക്കുമെന്നാണ് ആര്‍എസ്എസ് മുന്നറിയിപ്പ്.

കോണ്‍ഗ്രസിലെ അസംതൃപ്തരുടെ വലിയ നിര തന്നെ ബിജെപി ലക്ഷ്യം വയ്ക്കുന്ന പട്ടികയിലുണ്ട്. പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കപ്പെട്ടാല്‍ അമിത് ഷായെ അടക്കം രംഗത്തിറക്കി വല വിരിക്കാനാണ് പദ്ധതി. നേതൃതീരുമാനങ്ങളില്‍ വിയോജിപ്പുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പിന്തുണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പറഞ്ഞു കേള്‍ക്കുന്നവര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു. എന്നാല്‍ നാഥനില്ലാ കളരിയായി തുടരുന്ന സംസ്ഥാനത്തെ ബിജെപിയ്ക്ക് എങ്ങനെ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതിന് അവര്‍ക്കും വ്യക്തമായ ഉത്തരമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top