കെപിസിസി നേതൃയോഗത്തിലും തമ്മിലടി; പരസ്യപ്രസ്താവന പാടില്ലെന്ന് നേതാക്കള്‍, പൊട്ടിത്തെറിച്ച് സുധീരനും ഉണ്ണിത്താനും

ഫയല്‍ ചിത്രം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുനല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനകോണ്‍ഗ്രസില്‍ തുടരുന്ന കലാപം കെപിസിസി നേതൃയോഗത്തില്‍ പൊട്ടിത്തറിയില്‍ കലാശിച്ചു. യോഗത്തില്‍ പങ്കെടുത്തു മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനും യോഗത്തില്‍ ഇരുഗ്രൂപ്പുകള്‍ക്കും ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്കുമെതിരേ ആഞ്ഞടിച്ചു.

കെപിസിസി പ്രസിഡന്റായിരുന്ന തന്നെ ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും ഗ്രൂപ്പ് വൈര്യം കാരണം തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും സുധീരന്‍ യോഗത്തില്‍ ആരോപിച്ചു. താന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ഗ്രൂപ്പിസം കൊണ്ട് ശ്വാസം മുട്ടിയാണെന്നും സുധീരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു സുധീരന്റെ ആരോപണങ്ങള്‍ അധികവും.

ഇതിനിടെ സുധീരന്റെ പ്രസംഗം നടക്കുന്നത് തടസപ്പെടുത്താന്‍ എ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിച്ചതോടെ കെപിസിസി യോഗം തന്നെ അലങ്കോലപ്പെടുന്ന സ്ഥിതിയുണ്ടായി. തിരുവഞ്ചൂര് രാധാകൃഷ്ണന്‍, തമ്പാനൂര്‍ രവി, ജെയ്‌സണ്‍ ജോസഫ്, നാട്ടകം സുരേഷ് തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിക്കാന്‍ രംഗത്തെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാന ഉത്തരവാദി സുധീരനാണെന്ന് തമ്പാനൂര്‍ രവി ആരോപിച്ചു. ബാര്‍ വിഷയം രൂക്ഷമാക്കിയത് സുധീരന്റെ നിലപാടാണെന്നും ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സുപ്രിംകോടതി പൂട്ടാന്‍ നിര്‍ദേശിച്ച 418 ബാറുകളുടെ കാര്യത്തില്‍ മാത്രമാണ് താന്‍ നിലപാട് സ്വീകരിച്ചതെന്നും ഉമ്മന്‍ ചാണ്ടിയാണ് പ്രശ്‌നം വഷളാക്കിയതെന്നും സുധീരന്‍ മറുപടിയായി പറഞ്ഞു.

ഇരുഗ്രൂപ്പുകാരും വാക്‌പോരുമായെത്തിയതോടെ സുധീരന് പ്രതിരോധം തീര്‍ത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന് പുറമെ ടിഎന്‍ പ്രതാപന്‍, ജോണ്‍സണ്‍ ഏബ്രഹാം തുടങ്ങിയവരുമെത്തി.

പാര്‍ട്ടിയുടെ ഭാരം മൂന്ന് നേതാക്കന്‍മാരും ചേര്‍ന്ന് വഹിച്ച് കഴുത്ത് ഒടിക്കേണ്ടതില്ലെന്ന് രാജ്മാഹോന്‍ ഉണ്ണിത്താന്‍ പറഞ്ഞു.തളർവാതം പിടിപെട്ട് കിടന്ന നേതാക്കന്മാർക്ക് വരെ കെപിസിസി അംഗത്വം നൽകിയിട്ടും തന്നെ തഴയുകയായിരുന്നു. സോളാർ വിവാദമുണ്ടായ കാലത്ത് ചാനൽ ചർച്ചകളിൽ നിന്നും പൊതുജനത്തിന് മുന്നിൽ നിന്നും എല്ലാവരും ഒളിച്ചപ്പോൾ താനാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടി സംസാരിച്ചതെന്നും പാർട്ടിക്ക് വേണ്ടി വെള്ളംകോരിയ തന്നെ എല്ലാക്കാലത്തും തഴയുകയാണ് ചെയ്തിട്ടുള്ളതെന്നും ഉണ്ണിത്താൻ പറഞ്ഞു. ചെങ്ങന്നൂരിലും യുഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിച്ചത് ഗ്രൂപ്പ് കളി തന്നെയാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.

ഉണ്ണിത്താന് വക്താവ് സ്ഥാനം നൽകിയത് തെറ്റായെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ വിമർശിച്ചു. ഹസനല്ല തനിക്ക് വക്താവ് സ്ഥാനം നൽകിയതെന്നും എഐസിസിയാണെന്നും ഉണ്ണിത്താൻ തിരിച്ചടിച്ചു. കെപിസിസി അധ്യക്ഷനായിരുന്ന സുധീരനെതിരേ പാർട്ടി ആസ്ഥാനത്ത് വൈസ് പ്രസിഡന്റായിരുന്ന ഹസന്‍
വാർത്താ സമ്മേളനം നടത്തിയത് മറന്നുപോയോ എന്നും തന്നെ ഉപദേശിക്കാൻ ഹസന് എന്ത് യോഗ്യതയുണ്ടെന്നും ഉണ്ണിത്താൻ ചോദിച്ചു.

DONT MISS
Top