ചരിത്രകൂടിക്കാഴ്ച സമാപിച്ചു: ലോകം സുപ്രധാനമാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്ന് കിം, കൂടിക്കാഴ്ചയ്ക്ക് കിമ്മിന് നന്ദി പറഞ്ഞ് ട്രംപ്

സിംഗപ്പൂര്‍ സിറ്റി: ലോകം കണ്ണും കാതും സമര്‍പ്പിച്ച് കാത്തിരുന്ന അമേരിക്ക-ഉത്തരകൊറിയ ഭരണാധികാരികളുടെ ചരിത്രകൂടിക്കാഴ്ച അവസാനിച്ചു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ നടന്ന ഡോണള്‍ഡ് ട്രംപ്, കിം ജോങ് ഉന്‍ കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ ഇരു ഭരണാധികാരികളും സമാധാന കരാറില്‍ ഒപ്പുവച്ചു. ചര്‍ച്ച വിജയകരമായിരുന്നു എന്നാണ് ഇരുനേതാക്കളുടെയും പ്രതികരണങ്ങളും മുഖഭാവങ്ങളും വ്യക്തമാക്കുന്നത്.

ലോകം ഇനി സുപ്രധാനമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രതികരിച്ചു. കഴിഞ്ഞതൊക്കെ മറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, ഇനി ലോകം സുപ്രധാന പല മാറ്റങ്ങളും കാണും. കിം പറഞ്ഞു. ഞങ്ങള്‍ ഇനിയും കാണുമെന്നും ഭാവിയില്‍ കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടത്തുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ ക്ഷണം ചര്‍ച്ച വിജയകരമായിരുന്നു എന്നതിന്റെ സുപ്രധാന തെളിവാണ്. ചര്‍ച്ച വിജയകരമാണെങ്കില്‍ കിമ്മിനെ താന്‍ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടാല്‍ താന്‍ ഇറങ്ങിപ്പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചര്‍ച്ചയ്ക്ക് ശേഷം കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തുകൊണ് ഇല്ല എന്ന മറുചോദ്യമായിരുന്നു ട്രംപ് ഉന്നയിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും വര്‍ഷങ്ങളായി തുടരുന്ന വൈരത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വരുമ നാളുകളില്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ സുദൃഢമാകുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ.

കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരുരാഷ്ട്രനേതാക്കളും സൗഹൃദസംഭാഷണം നടത്തി. രാവിലെ 6.30 ന് ആരംഭിച്ച സംഭാഷണം 45 മിനിട്ടോളം നീണ്ടുനിന്നു. സൗഹൃദസംഭാഷണത്തിന് ശേഷം കിമ്മും ട്രംപും ഉച്ചകോടിയെ കുറിച്ച് വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയുടെയും ഉത്തരകൊറിയയുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തുന്നത്. അതിനാല്‍ത്തന്നെ ലോകം വലിയ പ്രതീക്ഷയോടെയാണ് ചര്‍ച്ചയെ നോക്കിക്കണ്ടത്.

രാവിലെ 6.42 ന് കാപ്പെല്ല ഹോട്ടലിലെത്തിയ ഇരുനേതാക്കളും ഹസ്തദാനം നടത്തി. തുടര്‍ന്ന് ഇരുവരും മാധ്യമങ്ങളെ കണ്ടു. ചര്‍ച്ച വലിയ വിജയമാകുമെന്നും കൂടിക്കാഴ്ച വലിയ ബന്ധത്തിന്റെ തുടക്കമാകുമെന്നും ട്രംപ് പ്രതികരിച്ചു. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ചയാണെന്നും വളരെ വിശിഷ്ടമായിരുന്നെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മുന്‍വിധികളില്ലാതെയാണ് ചര്‍ച്ചയെന്നും കൂടിക്കാഴ്ച വരെ കാര്യങ്ങളെത്താന്‍ ശരിക്കും പ്രയാസപ്പെട്ടെന്നും കിം പറഞ്ഞു. കൂടിക്കാഴ്ച സമാധാനത്തിനുള്ള നാന്ദികുറിക്കലാണെന്നും കിം പറഞ്ഞു.

അമേരിക്കന്‍ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, സെക്കന്റ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, വൈറ്റ്ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും ഉത്തരകൊറിയന്‍ സംഘത്തില്‍ വിദേശകാര്യമന്ത്രി റീ യോങ് ഹൊ, മുന്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ചെയര്‍മാന്‍ റി സു യോങ് എന്നിവരുമാണുണ്ടായിരുന്നത്.

DONT MISS
Top