കടക്കെണി: പാലക്കാട് കര്‍‌ഷകന്‍ ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം

പാലക്കാട്: കടക്കെണി മൂലം സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. പാലക്കാട് വടക്കഞ്ചേരി സ്വദേശി ചടയപ്പനാണ് കൃഷിയിടത്തില്‍ ജീവനൊടുക്കിയത്. കാര്‍ഷിക കടം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നതായും എന്നാല്‍ യാതൊരു നടപടികളും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

കാര്‍ഷികവായ്പ തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന് ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് വടക്കഞ്ചേരി പാളയം സ്വദേശി ചടയപ്പന്‍ കൃഷിയിടത്തിലെ ഷെഡില്‍ തൂങ്ങി മരിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് നെല്‍കൃഷിക്കായി കാനറാ ബാങ്ക് വടക്കഞ്ചേരി ശാഖയില്‍ നിന്ന് ചടയപ്പന്‍ അന്‍പതിനായിരം രൂപ വായ്പ എടുത്തിരുന്നു.അസുഖം ബാധിച്ച് ശരീരം തളരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തതോടെ തുക തിരിച്ചടയ്ക്കാന്‍ സാധിച്ചിരുന്നില്ല. നിലവിലെ സ്ഥിതി ചൂണ്ടികാട്ടി കാര്‍ഷികകടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ചടയപ്പന്‍ നിവേദനം നല്‍കിയിരുന്നതായും എന്നാല്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

എഴുപത്തിയൊന്നായിരം രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ചാണ് ഈ മാസം രണ്ടിന് ബാങ്ക് ചടയപ്പന് ജപ്തി നോട്ടീസ് നല്‍കിയത്. കര്‍ഷകര്‍ക്കായി കോടിക്കണക്കിന് രൂപ ചെലവാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് കടക്കെണി മൂലം ഒരു കര്‍ഷകന്റെ ജീവന്‍ കൂടി നഷ്ടപ്പെടുന്നത്.

DONT MISS
Top