കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി സംയുക്ത ക്രൈസ്തവ സഭകളുടെ മുഖപത്രം

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി സംയുക്ത ക്രൈസ്തവ സഭകളുടെ മുഖപത്രം. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെയും രാജ്യസഭാ സീറ്റ് വിവാദത്തിന്റെയും പശ്ചാത്തലത്തിലാണ് വിമര്‍ശനം. അധികാരത്തില്‍ നിന്ന് ജനങ്ങള്‍ ആട്ടി ഓടിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഹങ്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കുറവില്ലന്ന് ലേഖനം പറയുന്നു. 2019 ന്റെ മുന്നൊരുക്ക വിധിയാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലമെന്നും തകര്‍ന്നടിയുമ്പോഴും കിട്ടിയ പിടിവള്ളിയില്‍ പിടിച്ച് തൂങ്ങി രക്ഷപെടുന്നതിനു പകരം വീമ്പു പറയുന്നവര്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ സംയുക്ത അല്‍മായ സംഘടനയായ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നാഷ്ണല്‍ കൗണ്‍സിലിന്റെ മുഖപത്രമായ ലെയിറ്റി വോയ്‌സിന്റെ കേരള പതിപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ധാര്‍ഷ്ഠ്യവും അഹങ്കാരവുമാണെന്ന് ലെയ്റ്റി വോയ്‌സ് കുറ്റപ്പെടുത്തുന്നു. അധികാരത്തില്‍ നിന്ന് ജനങ്ങള്‍ ആട്ടി ഓടിച്ചു. അണികളും  അധികാരവും നഷ്ടപ്പെട്ട പാര്‍ട്ടി വെറുമൊരു ആള്‍ക്കൂട്ടം മാത്രമായി തീര്‍ന്നെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണെന്ന് പറയുന്ന ലേഖനം പരസ്യ വിഴുപ്പലക്കലും പുരമുകളില്‍ കയറി നിന്ന് വിളിച്ചുകൂവുന്ന ആദര്‍ശം വിളമ്പലുകളുമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണമെന്ന വിമര്‍ശനം ഉയര്‍ത്തുന്നു. നടുവൊടിഞ്ഞ് നടുക്കടലില്‍ നീന്തുമ്പോള്‍ രക്ഷപെടാന്‍ കിട്ടുന്ന പിടിവള്ളികളെ ഉപയോഗപ്പെടുത്തുന്നതിനു പകരം കപട ആദര്‍ശം വിളമ്പി ശക്തരായ ഘടക കക്ഷികളെ പോലും തള്ളിപ്പറയുന്നത് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ നാശത്തിന് ഇടയാക്കുമെന്ന് സംഘടനാ ദേശിയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ വിസി സെബാസ്റ്റ്യന്‍ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top