നിപ നിയന്ത്രണവിധേയം, വൈറസ് വ്യാപനം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. അതീവജാഗ്രതാ നിര്‍ദേശത്തിന് അയവു വരുത്തുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. എന്നാല്‍ ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിപ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഈ മാസം 12 മുതല്‍ ജില്ലയില്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.

മെയ് 30 ന് ശേഷം ആരിലും നിപ സ്ഥിരീകരിക്കാത്തതിനാല്‍ വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയില്‍ കോഴിക്കോട് കളക്ടറേറ്റില്‍ സര്‍വ്വക്ഷിയോഗം ചേര്‍ന്നത്. കോഴിക്കോട് ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാണെന്നും ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശത്തിന് അയവു വരുത്തുകയാണെന്നും കെകെ ശൈലജ പറഞ്ഞു.

വൈറസ് ബാധിച്ച 18 പേരില്‍ രണ്ടു പേര്‍ക്ക് അസുഖം പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ നാളെ സിസ്ചാര്‍ജ്ജ് ചെയ്യും. മലപ്പുറം സ്വദേശിയെ ജൂണ്‍ 14 ന് വിട്ടയയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി ഇന്‍ക്യൂബേഷന്‍ പിരീഡ് 42 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ആദ്യകേസിലെ നിരീക്ഷണപട്ടിക അവസാനിച്ചു. 1,430 പേരാണ് ഇപ്പോള്‍ നിരീക്ഷണ പട്ടികയില്‍ ഉള്ളത്. ജൂണ്‍ 12 ന് ഇത് 892 ആയി കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

ജൂണ്‍ 14ന് ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും യോഗം നടത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പഞ്ചായത്ത് തലത്തിലും യോഗം നടക്കും. അതേസമയം, കേന്ദ്രസംഘങ്ങള്‍ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണ്. ഇതോടൊപ്പം നിപയുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും കോഴിക്കോട് ക്യാമ്പ് തുടരുന്നുണ്ട്. ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എ മാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top