ജോസ് കെ മാണി യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ ശവപ്പെട്ടിയും റീത്തും വച്ചു

ജോസ് കെ മാണി

കോട്ടയം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കും. പാലായില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിലവില്‍ കോട്ടയത്തുനിന്നുമുള്ള ലോക്‌സഭാ അംഗമായ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാനാണ്.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ കഴിഞ്ഞ ദിവസം തന്നെ തീരുമാനമായിരുന്നു. പിജെ ജോസഫ് സീറ്റിനായി തുടക്കത്തില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തത്. എന്നാല്‍ പിന്നീട് സമവായത്തിലെത്തുകയായാിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയെങ്കിലും  സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം മുറുകുകയാണ്. ഇന്ന് രാവിലെയോടെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഡിസിസി ഓഫീസിനു മുന്നില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്ററും സ്ഥാപിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയിലെ ഒറ്റുകാരാണ് എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പ്രവര്‍ത്തകരുടെ മനസില്‍ രണ്ടുപേരും മരിച്ചതായും പോസ്റ്ററില്‍ പറയുന്നു.

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ വിഎം സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക്  യുവ എംഎല്‍എമാര്‍ കത്തയച്ചിരുന്നു.

DONT MISS
Top