വധഭീഷണി : ജനപിന്തുണ കുറയുമ്പോള്‍ മോദി പുറത്തെടുക്കുന്ന പഴയ തന്ത്രമെന്ന് കോണ്‍ഗ്രസ്

നരേന്ദ്ര മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച് കോണ്‍ഗ്രസ്. ജനപിന്തുണ കുറയുന്നുവെന്ന് ബോധ്യപ്പെടുമ്പോള്‍ ഇത്തരം കഥകള്‍ മെനയുന്നത് മോദിയുടെ പണ്ടേയുള്ള തന്ത്രമാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതുപോലെ നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പുനെ പൊലീസാണ് വെളിപ്പെടുത്തിയത്. മോദിയെ വധിക്കാന്‍ പദ്ധിയിടുന്നതിന്റെ സൂചനകളടങ്ങിയ കത്ത് കണ്ടെത്തിയതായും പൂനെ പൊലീസ് കോടതിയില്‍ അറിയിക്കുകയായിരുന്നു. മോദിയെ വധിക്കാന്‍ പദ്ധിയിട്ടെന്ന് ആരോപിച്ച അഞ്ച് മാവോയിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് പൊലീസ് വ്യക്തമാക്കിയത്.

‘ഈ വാര്‍ത്ത പൂര്‍ണമായും കള്ളമാണെന്ന് താന്‍ പറയില്ല. പക്ഷെ ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ മോദി പയറ്റുന്ന തന്ത്രമാണ്. ജനപ്രീതി ഇടിയുന്ന സമയത്താണ് ഇത്തരം കൊലപതകം പദ്ധതികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ വരിക. അതുകൊണ്ട് വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന കാര്യം പരിശോധനക്ക് വിധേയമാക്കണം’ – കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.

ഭീമ കോറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ട് സുധീര്‍ ദവാല, റോണ ജേക്കബ് വില്‍സണ്‍, അഡ്വക്കേറ്റ് സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെ മാവേയിസ്റ്റ് ബന്ധം ആരോപിച്ചാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതില്‍ റോണ ജേക്കബ് വില്‍സണിന്റെ  വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ്  മോദിയെ വധിക്കാന്‍ ആലോചന നടക്കുന്നത് സംബന്ധിച്ച സൂചനയുള്ള കത്ത് ലഭിച്ചതെന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കുന്നത്.

എം.4 വിഭാഗത്തിലുള്‍പ്പെടുന്ന തോക്ക്​ ഉപയോഗിച്ച്‌​ മോദിയെ വധിക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കുന്നുവെന്നും എല്‍ടിടിഇയുടെ നേതൃത്വത്തില്‍ രാജീവ്​ ഗാന്ധിയെ വധിച്ചതിന്​ സമാനമായി മോദിയെ വധിക്കാനാണ്​ ഇവരുടെ പദ്ധതിയെന്നും പൊലീസ്​ പറയുന്നു.

DONT MISS
Top