കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്

കിം ജോങ് ഉന്‍, ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിംഗപ്പൂരില്‍ ഈ മാസം 12 നാണ് കിം-ട്രംപ് കൂടിക്കാഴ്ച. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.

കൂടിക്കാഴ്ച വിജയകരമാണെന്നും അനുകൂലമാണെന്നും തനിക്ക് തോന്നുകയാണെങ്കില്‍ കിമ്മിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്ന കാര്യം പരിഗണിക്കും, ട്രംപ് വ്യക്തമാക്കി. കിം-ട്രംപ് കൂടിക്കാഴ്ച ഉത്തരകൊറിയയുമായുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആബെയും പറഞ്ഞു. ആവശ്യമാണെങ്കില്‍ കിമ്മുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറണെന്നും ആബെ കൂട്ടിച്ചേര്‍ത്തു.

അതേസമയം കിം-ട്രംപ് കൂടിക്കാഴ്ച നടക്കുന്ന സിംഗപ്പൂരില്‍ വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഗൂര്‍ഖാ കമാന്‍ഡോകളാണ് കൂടിക്കാഴ്ചയ്ക്ക് സുരക്ഷയൊരുക്കുന്നത്. ചര്‍ച്ച നടക്കുന്ന പ്രദേശത്തിന്റെ മുഴുവന്‍ സുരക്ഷാ ചുമതലയും ഇവര്‍ക്കാണ്. 11 മുതല്‍ 13 വരെ സിംഗപ്പൂര്‍ വ്യോമപാതയില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top