തിയേറ്ററുകളെ ഇളക്കിമറിച്ച് രജനിയുടെ കാല; ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത രജനിചിത്രം കാല ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ കാലയ്ക്ക് ലഭിക്കുന്നത്. രജനീകാന്തിന്‍റെ സിനിമ എന്നതിനേക്കാള്‍ സംവിധായകന്റെ സിനിമയെന്നാണ്  ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം. ഒരു ഭാഗത്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയും മറ്റൊരു ഭാഗത്ത് പാ രഞ്ജിത്തിന്റെ സ്റ്റൈല്‍ ഉള്‍പ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. തമിഴ് ദ്രാവിഡ രാഷ്ട്രിയം പറഞ്ഞുപോകുന്ന കാല സമകാലിക വിഷയത്തിലൂടെ കടന്നുപോകുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് ആദ്യഭാഗം അല്‍പം ഇഴഞ്ഞാണെന്ന് അഭിപ്രായമുള്ളവരുണ്ട്. എന്നാല്‍ രണ്ടാം ഭാഗവും ക്ലൈമാക്‌സും ഇതിനെ മറികടക്കുന്നുണ്ടെന്നും ചില പ്രേക്ഷകര്‍ പറയുന്നു. സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നുണ്ട്.

ഹുമാ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്‍ ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍.

അതേസമയം ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയിട്ടുണ്ട്. റിലീസിംഗിന് തൊട്ടുപിന്നാലെ പുലര്‍ച്ചെ 5.28നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്‌സിനെ നിയന്ത്രിച്ചെന്നായിരുന്നു പൊലീസിന്റെ അവകാശവാദം.

DONT MISS
Top