കെപിസിസി ഭാരവാഹി ചര്‍ച്ച ഇന്ന്; രാജ്യസഭാ സ്ഥാനാര്‍ത്ഥി, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ തീരുമാനിക്കും

ഫയല്‍

ദില്ലി: രാജ്യസഭാ സ്ഥാനാര്‍ത്ഥി, പുതിയ കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ തീരുമാനിക്കുന്ന നിര്‍ണായക കെപിസിസി ഭാരവാഹി ചര്‍ച്ച ഇന്ന്. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എംഎം ഹസ്സന്‍ എന്നിവരാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വൈകുന്നേരം അഞ്ച് മണിക്കാണ് കൂടിക്കാഴ്ച. കെഎം മാണിയുടെ മുന്നണി പ്രവേശനവും ഇന്ന് ചര്‍ച്ചയാകും.

പി സി ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബെഹനാന്‍, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. അതേസമയം കുര്യന് ഒരു അവസരം കൂടി നല്‍കണം എന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷ ചര്‍ച്ചകളില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെവി തോമസ്, എന്നിവരുടെ പേരുകള്‍ ആണ് പരിഗണനയില്‍ ഉള്ളത്. കെ മുരളീധരനെയാണ് യുഡിഎഫ്കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

മലബാറില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ വേണം എന്ന നിലപാടില്‍ രാഹുല്‍ എത്തിയാല്‍ നറുക്ക് മുല്ലപ്പള്ളിക്കോ സുധാകരനോ വീഴാം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരിനാണ് പ്രാമുഖ്യം. മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയെ കാണും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന കെഎം മാണിയെ യുഡിഎഫിലേക്ക് മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനവും ചര്‍ച്ചകളില്‍ ഉണ്ടാകും.

DONT MISS
Top