‘ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്’; പരിസ്ഥിതിയെക്കുറിച്ചുളള ചിന്തകള്‍ കേവലം ദിനാചരണത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോരെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിസ്ഥിതിയെക്കുറിച്ചുളള ചിന്തകള്‍ കേവലം ദിനാചരണത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോരെന്നും സമൂഹമൊന്നാകെ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കുന്നതാണ് ഈ പരിസ്ഥിതി ദിനം. പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവ്, നമ്മെ പരിസ്ഥിതി സംരക്ഷണത്തിനായി ഉത്തരവാദപ്പെടുത്തുന്നു, കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാനവരാശിയുടെ തുടക്കം തൊട്ടെ മനുഷ്യന്‍ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. പക്ഷേ, പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നു എന്നതും കാണേണ്ടതുണ്ട്. പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയതാണ് ഇതിന്റെ പ്രധാനകാരണം. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണംചെയ്യുന്നതിലൂടെ ഇല്ലാതായത് വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ്.

പരിസ്ഥിതിയെക്കുറിച്ചുളള ചിന്തകള്‍ കേവലം ദിനാചരണത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോര. ഇക്കാര്യത്തില്‍ സമൂഹമൊന്നാകെ ശക്തമായി ഇടപെടേണ്ടതുണ്ട്. സിപിഐഎം ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് പല തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജന യത്നങ്ങളും മഴക്കുഴി നിര്‍മാണവും കിണര്‍ റീചാര്‍ജ്ജിംഗും പുതിയൊരു കാര്‍ഷിക സംസ്‌കാരത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായുള്ള ജൈവ പച്ചക്കറി കൃഷിയും തുടങ്ങി പറയുവാനേറെയുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഹരിതകേരള മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്.

പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തി അവയെ മറികടക്കാനുള്ള പരിഹാരപ്രവര്‍ത്തനങ്ങള്‍ നടത്തി, വരും തലമുറയ്ക്ക് ഈ പ്രകൃതിയെ പരിക്കുകള്‍കൂടാതെ കൈമാറാനുള്ള ബാധ്യത നമുക്കുണ്ട്. ഇന്ന് ഞാന്‍ വെച്ച തൈകള്‍ എനിക്കുള്ളതല്ല. നമുക്കുള്ളതാണ്. നമ്മുടെ നല്ല നാളേയ്ക്കുള്ളതാണ്, കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top