ബിനോയ് വിശ്വം പാര്‍ലമെന്റിലേക്ക്; രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ സിപിഐ പ്രഖ്യാപിച്ചു

ബിനോയ് വിശ്വം

തിരുവനന്തപുരം: മുന്‍മന്ത്രി ബിനോയ് വിശ്വസത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്.

നിയമസഭയിലെ ഇപ്പോഴത്തെ എംഎല്‍എമാരുടെ എണ്ണമനുസരിച്ച് ഇതില്‍ രണ്ട് സീറ്റുകളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. ഈ സീറ്റുകളില്‍ സിപിഐഎം, സിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയായിരുന്നു. ഇതനുസരിച്ചാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനിച്ചത്.

രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 21 നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂണ്‍ 4 ന് പുറത്തിറങ്ങും. ജൂണ്‍ 11 ന് ആണ് പത്രിക പിന്‍വലിക്കാന്‍ ഉള്ള അവസാന ദിവസം. ജോയ് എബ്രഹാം, പി ജെ കുര്യൻ, സിപി നാരായണന്‍ എന്നിവർ വിരമിക്കുന്ന ഒഴിവിലേക്കാണ് തെരെഞ്ഞെടുപ്പ്.

സിപിഐ നേതാവായിരുന്ന സികെ വിശ്വനാഥന്റെ മകനാണ് ബിനോയ് വിശ്വം. എഐഎസ്എഫിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ബിനോയ്,  പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ആഗോള ഇടതുപ്രസ്ഥാനങ്ങളുടെ യുവജനവേദിയായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റായും ഏഷ്യാ പസഫിക് കമ്മീഷന്‍ അധ്യക്ഷനായും  പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു ബിനോയ് വിശ്വം.

DONT MISS
Top