‘സ്‌റ്റേഡിയങ്ങളില്‍ പോയി കളി കാണൂ’; ഛേത്രിക്ക് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളിന് പിന്തുണ ആവശ്യപ്പെട്ട് കോഹ്‌ലിയും

ദില്ലി: സുനില്‍ ഛേത്രിക്ക് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കളികാണാന്‍ എത്തണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥനയുമായി ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി. കളി കാണാന്‍ സ്‌റ്റേഡിയങ്ങളില്‍ എത്തി ഇന്ത്യന്‍ ടീമിന് പിന്തുണ നല്‍കണമെന്ന് താരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തെ എല്ലാ കായിക ഇനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കളികാണാന്‍ നിങ്ങള്‍ സ്‌റ്റേഡിയത്തിലെത്തി ടീമിന് വേണ്ടി കൈയ്യടിക്കണമെന്നും അവര്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണെന്നും വിരാട് അഭ്യര്‍ത്ഥിച്ചു. ടീമിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഏറെ വികാരാധീതനായാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഫുട്‌ബോള്‍ ആരാധകര്‍ക്കായി വിഡിയോ പങ്കുവെച്ചത്. ഞങ്ങളെ കളിയാക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തോളൂ, പക്ഷെ ഇന്ത്യന്‍ ടീമിന്റെ കളികാണാന്‍ വരണമെന്നായിരുന്നു ആരാധകരോട് ഛേത്രിയുടെ അഭ്യര്‍ത്ഥന. ഇന്ത്യന്‍ ഫുട്ബോളിന് ഇത് നിര്‍ണായക സമയമാണെന്നും ടീമിന് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ചൈനീസ് തായ്പേയ്ക്കെതിരെ ഗോള്‍ മഴ പെയ്ത മത്സരത്തില്‍ വളരെ പരിമിതമായിരുന്നു സ്റ്റേഡിയത്തിലെത്തിയ കാണികളുടെ എണ്ണം. സുനില്‍ ഛേത്രി ഹാട്രിക് കുറിച്ച മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതെത്താനും താരത്തിനായി. നാളെ കെനിയയോടാണ് ഇന്ത്യയുടെ അടുത്ത കളി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 100-ാമത്തെ മത്സരം കൂടിയാണത്. നിലവില്‍ ഫിഫ റാങ്കിംഗില്‍ 97-ാമതാണ് ഇന്ത്യന്‍ ടീം.

DONT MISS
Top