‘അവര്‍ ഇങ്ങനെ പുറംപുറം നില്‍ക്കേണ്ട സ്ത്രീയല്ല’; കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് ഷാനിമോള്‍ ഒസ്മാന് ലഭിക്കണമെന്നാഗ്രഹിക്കുന്നവരില്‍ ഒരാളാണ് താനെന്ന് ശാരദക്കുട്ടി

കൊച്ചി: കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് ഷാനിമോള്‍ ഒസ്മാന് ലഭിക്കണമെന്നാഗ്രഹിക്കുന്നവരില്‍ ഒരാളാണ് താനെന്ന് എഴുത്തുകാരി ശാരദക്കുട്ടി. പതിവ് കോണ്‍ഗ്രസ് രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തയാണ് ഷാനിമോളെന്നും രാജ്യസഭാ സീറ്റ് ഷാനിമോള്‍ക്കു ലഭിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ ചരിത്രത്തിന് വെണ്മയും സ്ത്രീ സമൂഹത്തിന് അഭിമാനവുമാകുമെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. കോണ്‍ഗ്രസുകാര്‍ കൊടുത്താലും ഇല്ലെങ്കിലും നമുക്ക് ഷാനിമോള്‍ക്കു വേണ്ടി സംസാരിക്കാമെന്നും, അവര്‍ ഇങ്ങനെ പുറംപുറം നില്‍ക്കേണ്ട സ്ത്രീയല്ലെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

‘ഷാനിമോള്‍ ഒസ്മാന്‍ താന്‍ പഠിച്ച ഒസ്മാനിയ സര്‍വ്വകലാശാലയുടെ പേരാണ് തന്റെ പേരിന്റെ കൂടെ ചേര്‍ത്തിരിക്കുന്നത്. ജാതിപ്പേരോ ഭര്‍ത്താവിന്റെ പേരോ അച്ഛന്റെ പേരോ അല്ല എന്നത് ആദ്യം വളരെ കൗതുകകരമായാണ് തോന്നിയത്. പിന്നീട് പല ഘട്ടങ്ങളില്‍ സംസാരിക്കാനും അടുത്തിടപഴകാനും അവസരം ലഭിച്ചപ്പോഴൊക്കെ അവരുടെ അറിയാനും വായിക്കാനും ആ അറിവുകള്‍ പാലിക്കാനുമുള്ള ജാഗ്രത അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിലും സാഹിത്യ സാംസ്‌കാരിക വിഷയങ്ങള്‍ സംസാരിക്കുവാന്‍ ഷാനി കാണിക്കുന്ന താത്പര്യമാണ് എന്നെ ഇവരിലേക്ക് അടുപ്പിച്ചത്.

ഇവര്‍ പല പതിവ് കോണ്‍ഗ്രസ് രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തയാണ്. ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും വിവേകത്തോടെയേ വാ തുറക്കൂ എന്നതാണ് ഷാനിയില്‍ കാണാനാകുന്ന മറ്റൊരു മികവ്. കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് ഷാനിമോള്‍ ഒസ്മാന് തന്നെ ലഭിക്കണമെന്നാഗ്രഹിക്കുന്നവരില്‍ ഒരാളാണ് ഞാനും. വായനയും വിവേകവും സ്വാഭിപ്രായ സ്ഥിരതയുമുള്ള ഒരു കോണ്‍ഗ്രസുകാരി. ആ രാജ്യസഭാ സീറ്റ് ഷാനിമോള്‍ക്കു ലഭിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ ചരിത്രത്തിന് വെണ്മയും സ്ത്രീ സമൂഹത്തിന് അഭിമാനവുമാകും. കോണ്‍ഗ്രസുകാര്‍ കൊടുത്താലും ഇല്ലെങ്കിലും നമുക്ക് ഷാനിമോള്‍ക്കു വേണ്ടി സംസാരിക്കാം. അവര്‍ ഇങ്ങനെ പുറംപുറം നില്‍ക്കേണ്ട സ്ത്രീയല്ല,’ ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top