സിപിഐഎം സംസ്ഥാന സമിതിയോഗം തുടരുന്നു; രാജ്യസഭയിലേക്ക് ചെറിയാന്‍ ഫിലിപ്പും പരിഗണനയില്‍

എകെജി സെന്റര്‍

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്നും തുടരുകയാണ്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചേരുന്ന കമ്മിറ്റിയില്‍ ചെങ്ങന്നൂരിലെ മികച്ച വിജയവും ചര്‍ച്ചയാകും. രാജ്യസഭയിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന്റെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകളും യോഗത്തില്‍ നടക്കും.

ഇന്നലെയാണ് എകെജി സെന്ററില്‍ യോഗം തുടങ്ങിയത്. സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മന്ത്രിമാരുടെ പ്രകടനം യോഗത്തില്‍ വിലയിരുത്തും. എന്നാല്‍ മന്ത്രിസഭ പുനസംഘടനയുണ്ടാകില്ലെന്നാണ് സിപിഐഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെകൊണ്ടുവരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ജയരാജന് സംഘടനാ ചുമതലകള്‍ നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് വിജയകരമായി ചുക്കാന്‍പിടിച്ച എംവി ഗോവിന്‍ മാസ്റ്ററെ പൂര്‍ണസമയ സംഘടനാപ്രവര്‍ത്തനത്തിന് നിയോഗിക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഗോവിന്ദന്‍ മാസ്റ്ററെ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായി തെരഞ്ഞെടുത്തിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി രാജീവിനെ ദേശാഭിമാനി ചീഫ് എഡിറ്ററാക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. പി രാജീവിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതോടെ ഒഴിവ് വന്ന എറണാകുളം ജില്ലാസെക്രട്ടറി സ്ഥാനത്തും പുതിയ നിയമനം ഉടന്‍ നടക്കും. ഇതിനൊപ്പം തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പാര്‍ട്ടി സെക്രട്ടറിമാരെയും തീരുമാനിക്കും. ഈ നാലു ജില്ലാസെക്രട്ടറിമാരെയും കുറിച്ചുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. വിദ്യാര്‍ത്ഥി, യുവജനസംഘടനകളുടെ ഭാരവാഹികളാക്കേണ്ടവരെക്കുറിച്ചും ധാരണയായി.

ഇതേസമയം, പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ട് സീറ്റുകളിലാണ് ഇടതുമുന്നണിക്ക് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കാനാകുക. കഴിഞ്ഞദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ഒരു സീറ്റ് സിപിഐഎമ്മിനും രണ്ടാമത്തെ സീറ്റ് സിപിഐക്കും നല്‍കാന്‍ തീരുമാനിച്ചിരുന്നു. സിപിഐഎമ്മിന്റെ സീറ്റില്‍ മത്സരിപ്പിക്കേണ്ട മുതിര്‍ന്ന നേതാക്കളെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്. ഇതിനൊപ്പം പാര്‍ട്ടി സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന്റെ പേരും രാജ്യസഭയിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്.

DONT MISS
Top