ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണ് ഈ വിജയമെന്ന് തോമസ് ഐസക്

കൊച്ചി: ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണ് ഈ വിജയമെന്ന് ധനമന്ത്രി തോമസ് ഐസക്. ബിജെപി സൃഷ്ടിക്കുന്ന വെല്ലുവിളിയെന്ന മട്ടില്‍ മൃദുഹിന്ദുത്വത്തെ പുണരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും. മതനിരപേക്ഷ രാഷ്ട്രീയം കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷത്തിനും സിപിഐഎമ്മിനും ലഭിച്ച കരുത്തുറ്റ പിന്തുണയാണ് ഈ ചരിത്രവിധിയെന്നും ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലായി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തെ കരുതാമോ എന്നാണ് തെരഞ്ഞെടുപ്പുവേളയില്‍ ആവര്‍ത്തിച്ചുയര്‍ന്ന ചോദ്യം. തീര്‍ച്ചയായും ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണ് ഈ വിജയം. ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വികസന പദ്ധതികള്‍ക്കും മതനിരപേക്ഷയിലൂന്നിയ ഇടത് രാഷ്ട്രീയത്തിനും ചെങ്ങന്നൂരിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരം കേരളീയമനസിന്റെ പ്രതിബിംബം കൂടിയാണ്.

വിജയം സുനിശ്ചിതമായിരുന്നു. മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷം നേടി സജി ചെറിയാന്‍ വിജയിക്കുമ്പോള്‍ രണ്ടുകാര്യങ്ങള്‍ നിസംശയം പറയാം. ഏറ്റവും പ്രധാനം ബിജെപിയ്ക്കു നേരിട്ട തിരിച്ചടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹൈന്ദവ വിഭാഗങ്ങളെ കോര്‍ത്തു പിടിച്ച് സൃഷ്ടിച്ച ജാതിസംഘടനകളുടെ കൂട്ടുകെട്ട് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. അന്ന് രാജ്യത്ത് ആഞ്ഞുവീശിയ മോദി തരംഗത്തില്‍ പ്രചോദിതരായ വിഭാഗത്തിനും പുനര്‍വിചിന്തനമുണ്ടായി. തത്ഫലമായി ബിജെപിയുടെ വോട്ടില്‍ ചോര്‍ച്ചയുണ്ടായി.

ഇതോടൊപ്പം പ്രധാനമായി ഞാന്‍ കാണുന്നത്, ചെങ്ങന്നൂരിലെ ഇടത്തരക്കാരില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റമാണ്. മറ്റുപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറുപത് ശതമാനത്തോളം ഇടത്തരം സമ്പന്നരുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. വിദേശ കുടിയേറ്റത്തിന്റെ ഭാഗമായിവന്ന സാമ്പത്തിക വളര്‍ച്ചയാണത്. ഇതേവരെ ഇടത് രാഷ്ട്രീയത്തോട് വിപ്രതിപത്തിപുലര്‍ത്തിയ വിഭാഗമായിരുന്നു ഇത്. എന്നാല്‍ കെകെ രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരില്‍ സാധ്യമാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെട്ടവരെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. യുഡിഎഫിനോട് രാഷ്ട്രീയമായ ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ പോലും പ്രദേശത്തിന്റെ വികസനത്തിന് എല്‍ഡിഎഫ് ജനപ്രതിനിധി വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ജനവിധിയില്‍ ആ ചിന്തയ്ക്കുള്ള വലിയ പ്രധാന്യമാണ് ഭൂരിപക്ഷം ഇത്രത്തോളം വര്‍ധിപ്പിച്ചത്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഒരു പരമ്പരാഗത യുഡിഎഫ് മണ്ഡലം ഹൃദയത്തില്‍ ചേര്‍ക്കുകയാണ്. ഒപ്പം, ബിജെപി സൃഷ്ടിക്കുന്ന വെല്ലുവിളിയെന്ന മട്ടില്‍ മൃദുഹിന്ദുത്വത്തെ പുണരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞിരിക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയം കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷത്തിനും സിപിഐഎമ്മിനും ലഭിച്ച കരുത്തുറ്റ പിന്തുണയാണ് ഈ ചരിത്രവിധി,’ ഐസക് കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top