ഇത് അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള മറുപടി, സദുദ്ദേശപരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തും, ഒരു രംഗത്തും ഒരുവിധത്തിലുമുള്ള വിവേചനവും ഉണ്ടാകാത്തവിധം ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതി പുലര്‍ത്തിക്കൊണ്ട് എല്‍ഡിഎഫ് മുന്നോട്ടുപോകും : പിണറായി വിജയന്‍

തിരുവനന്തപുരം: ചെങ്ങന്നൂരിലെ ഇടതുമുന്നണിയുടെ വന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പിണറായി വിജയന്‍. ഇത് ദൃശ്യമാധ്യമങ്ങളെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നിത്തലയുടെ സ്വന്തം സ്ഥലത്തുപോലും നേട്ടമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. അവിടേയും ലീഡ് എല്‍ഡിഎഫിനാണ്. തലസ്ഥാനത്ത് വിളിച്ചുചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എല്ലാവര്‍ക്കും നീതി ലഭിക്കുന്ന വിധത്തിലും വികസനം എല്ലായിടത്തും എത്തുന്നുവെന്ന് ഉറപ്പുവരുത്തിയും സര്‍ക്കാര്‍ മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് രാഷ്ട്രീയ അടിസ്ഥാനത്തിലാണ് നടക്കുന്നത്. അതിന് ശേഷം ഗവണ്‍മെന്റ് വന്നാല്‍ ഗവണ്‍മെന്റാണ് സംസ്ഥാനത്തെ മുന്നോട്ട് നയിക്കേണ്ടത്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകണം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു രംഗത്തും ഒരുവിധത്തിലുമുള്ള വിവേചനവും ഉണ്ടാകാത്തവിധം ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതി പുലര്‍ത്തിക്കൊണ്ട് എല്‍ഡിഎഫ് മുന്നോട്ടുപോകും”, അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെയാകെ ക്ഷേമ വികസന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍ കേരളത്തെ മുന്നോട്ട് നയിക്കുക എന്ന സന്ദേശമാണ് ഈ ജനവിധിയില്‍ ഉള്ളത്. ഈ ജനവിധി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ഒരു വിവാദവും സര്‍ക്കാറിനെ പിന്തിരിപ്പിക്കില്ല. സര്‍ക്കാര്‍ ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വിവാദങ്ങളുയര്‍ന്നാല്‍ അത് ബാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സദുദ്ദേശപരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തി മുന്നോട്ട് പോവുകതന്നെ ചെയ്യും. ചെങ്ങന്നൂരിലെ ജനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കായി സര്‍ക്കാറില്‍ കൂടുതല്‍ വലിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നു. അതില്‍ ഞങ്ങള്‍ കൂടുതല്‍ വിനയാന്വിതരാകുന്നു. നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അനുസരിച്ച് മുന്നോട്ടുപോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

“നിങ്ങള്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഒരിക്കല്‍കൂടി നന്ദിപറയുന്നു. ആ വിശ്വാസം ഒരുതരത്തിലും പാഴായിപ്പോകില്ല എന്ന ഉറപ്പും ഈ ഘട്ടത്തില്‍ നല്‍കുവാന്‍ ഞാന്‍ തയാറാവുകയാണ്”, പിണറായി പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കപ്പുറം വികസനത്തിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലുമൂന്നിയായിരുന്നു പിണറായിയുടെ നിലപാട് പ്രഖ്യാപനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top