മോര്‍ഗന്‍ പുറത്ത്: ഐസിസി ലോക ഇലവനെ അഫ്രിദി നയിക്കും

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഐസിസി ലോക ഇലവനില്‍ ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗന്‍ കളിക്കില്ല. പരുക്കേറ്റ മോര്‍ഗന് പകരം ഷാഹിദ് അഫ്രിദി ടീമിനെ നയിക്കും. വലത് കൈവിരലിനേറ്റ പരുക്കാണ് താരത്തിന് വിനയായത്. ഓസ്‌ട്രേലിയക്കെതിരെ ജൂണ്‍ 13ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്‍പ് പരുക്കില്‍ നിന്ന് മോചിതനാകാനാണ് മോര്‍ഗന്റെ ശ്രമം.

നേരത്തെ പരുക്കിനെ തുടര്‍ന്ന് അഫ്രിദി കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ അഫ്രിദി ടീമിനെ നയിക്കുമെന്ന് ഐസിസി തന്നെയാണ് ഇപ്പോള്‍ വ്യക്തമാക്കിയത്. സാം ബില്ലിംഗ്‌സാണ് മോര്‍ഗന് പകരം ടീമില്‍ ഉള്‍പ്പെട്ട ബാറ്റ്‌സ്മാന്‍. ചുഴലിക്കാറ്റില്‍ തകര്‍ന്ന കരീബിയന്‍ ദ്വീപുകളിലെ സ്റ്റേഡിയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ട്വന്റി20 മത്സരം മെയ് 31ന് ലോര്‍ഡ്‌സില്‍ വെച്ചാണ് നടക്കുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്, മുഹമ്മദ് ഷമി എന്നിവരാണ് ലോക ഇലവനില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. വൈറല്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് പിന്‍വാങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരമായിരുന്നു ഷമി ടീമിലെത്തിയത്. ഇവര്‍ക്ക് പുറമെ ഷൊയ്ബ് മാലിക്(പാകിസ്താന്‍), തമീം ഇക്ബാല്‍(ബംഗ്ലാദേശ്), സന്ദീപ് ലാമിച്ചാനെ(നേപ്പാള്‍), ആദില്‍ റാഷിദ്(ഇംഗ്ലണ്ട്) എന്നിവരും ശ്രീലങ്കയില്‍ നിന്ന് തിസാര പെരേരയും അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും ലോക ഇലവനില്‍ അണിനിരക്കും.

അതേസമയം കാര്‍ലോസ് ബ്രാത്വെയ്റ്റ് നയിക്കുന്ന വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയില്‍, ആന്ദ്രെ റസ്സല്‍, ഇ ലൂയിസ്, മര്‍ലോണ്‍ സാമുവല്‍ തുടങ്ങി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ ഉള്‍പ്പെടുന്നു. മത്സരത്തില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഐസിസിയുടെ നേതൃത്വത്തിലാണ് മത്സരം നടക്കുന്നത്.

DONT MISS
Top