തൂത്തുക്കുടി പൊലീസ് വെടിവെയ്പ്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും

ഫയല്‍ ചിത്രം

ദില്ലി: തൂത്തുക്കുടിയില്‍ 13 പേര്‍ കൊല്ലപ്പെട്ട പൊലീസ് വെടിവയ്പ്പിനെപ്പറ്റി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും. കമ്മീഷന്‍ സംഘം തൂത്തുക്കുടിയില്‍ എത്തി തെളിവെടുക്കും. മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

സീനിയര്‍ സൂപ്രണ്ട് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ നാലംഗങ്ങളാണ് ഉണ്ടാവുക. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. സംഘം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. നേരിട്ട് തെളിവെടുപ്പ് നടത്തണമെന്ന അപേക്ഷ പരിശോധിക്കാന്‍ ദില്ലി ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് കമ്മീഷന്‍ തീരുമാനം.

നേരത്തെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ വെടിവെപ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. സമരക്കാരെ പിരിച്ചുവിടാനുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ആകാശത്തേയ്ക്ക് വെടിവെയ്ക്കാത്തതും പൊലീസിനെതിരെയുള്ള സംശയം ബലപ്പെടുത്തി. സാധാരണവേഷത്തിലെത്തി പരീശീലനം നേടിയ ഷൂട്ടര്‍ പൊലീസ് ബസിനു മുകളില്‍ കയറി നിന്ന് സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെയ്ക്കുന്ന ദൃശ്യങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അതേസമയം ഗുരുതര ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കളക്ടറുടെ നേതൃത്വത്തില്‍ പ്ലാന്റ് അടച്ചുപൂട്ടി സീല്‍ ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നതടക്കമുള്ള നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നതോടെയാണ് പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമായത്.

DONT MISS
Top