അധ്യാപക നിയമനത്തിലെ ക്രമക്കേട്; ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി നേടിയെടുത്തതായി ആരോപണം

കൊല്ലം: കൊല്ലം ഫാത്തിമ മാതാ കോളെജിലെ അധ്യാപക നിയമനത്തിലെ ക്രമക്കേട് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ക്രമപ്പെടുത്തിയതായി ആരോപണം. നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി തടഞ്ഞ് വെച്ച നിയമനമാണ് പരാതിക്കാരില്ല എന്ന് തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി നേടിയെടുത്തത്.

കൊല്ലം ഫാത്തിമ മാതാ കോളെജിലെ ഇക്കണോമിക്സ് അധ്യാപന നിയമനത്തിലാണ് ക്രമക്കേട് നടന്നത്. റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടത്തി ആറാം റാങ്കുകാരിയെ നാലാം സ്ഥാനത്തേക്ക് തിരികി കയറ്റി നിയമനം നടത്തിയതായി യൂണിവേഴ്സിറ്റി രജിസ്റ്റാര്‍ കണ്ടെത്തിയിരുന്നു. ഗുരുതരമായ ക്രമക്കേടാണ് കോളെജ് അധികൃതര്‍ വരുത്തിയതെന്ന രജിസ്റ്റാറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിയമനം ലഭിച്ചവരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് നിയമനം ലഭിച്ചവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിയമനം ലഭിച്ചവര്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു. യഥാര്‍ത്ഥ ലിസ്റ്റില്‍ നാലാം റാങ്കുകാരനായ ഡിക്സണ്‍ ഡേവിഡ് ഉള്‍പ്പെടെയുള്ളവര്‍ പരാതിക്കാരായുണ്ടായിരിക്കെ ഇക്കാര്യത്തില്‍ പരാതിക്കാര്‍ ആരും ഇല്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി സമ്പാദിച്ചതെന്നാണ് ആരോപണം. റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യഥാര്‍ത്ഥ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ്.

DONT MISS
Top