പണം തന്നാല്‍ ബിജെപിക്കുവേണ്ടിയും സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമായി എന്ത് വിടുവേലയും ചെയ്യാമെന്ന് ദേശീയ മാധ്യമങ്ങള്‍; പ്രകമ്പനം കൊള്ളിക്കുന്ന സ്റ്റിംഗ് ന്യൂസുമായി കോബ്രാ പോസ്റ്റ്; ജനാധിപത്യത്തിന്റെ നാലാം തൂണിനും ഇളക്കം


ദില്ലി: വീണ്ടും പ്രകമ്പനം കൊള്ളിക്കുന്ന സ്റ്റിംഗ് ഓപ്പറേഷനുമായി കോബ്രാപോസ്റ്റ്. പണം നല്‍കിയാല്‍ ബിജെപിക്കുവേണ്ടിയും സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമായി എന്ത് വിടുവേലയും ചെയ്യാമെന്നും മാധ്യമങ്ങള്‍ സമ്മതിച്ചുവെന്നാണ് കോബ്രാപോസ്റ്റിന്റെ കണ്ടെത്തല്‍. സ്റ്റിംഗ് ഓപ്പറേഷനായതിനാല്‍ കൃത്യമായ വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെയാണ് കോബ്രാ പോസ്റ്റ് കണ്ടെത്തലുകള്‍ നിരത്തുന്നത്.

വിനീത് ജെയിനിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് ഗ്രൂപ്പിന്റെ ടൈംസ് ഓഫ് ഇന്ത്യ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ആവശ്യപ്പെട്ടത് 1000 കോടി രൂപയാണ്. മിക്ക ദേശീയ മാധ്യങ്ങളും ബിജെപിയുടെ അജണ്ട നടപ്പാക്കാം എന്നുതന്നെ സമ്മതിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാടുഡേ, സീ ന്യൂസ്, നെറ്റ്‌വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജാഗരണ്‍, റേഡിയോ വണ്‍, ലോക്മത്, എബിഎന്‍ ആന്ധ്രാ ജ്യോതി, ടിവി5, ദിനമലര്‍, കെ ന്യൂസ്, ഇന്ത്യ വോയ്‌സ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, എംവി ടിവി, ബിഗ് എഫ്എം, റെഡ് എഫ്എം എന്നിവരാണ് കോബ്രാപോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുരുങ്ങിയത്.

സമീപിച്ചവരില്‍ എല്ലാവരുംതന്നെ ബിജെപി അജണ്ട നടപ്പാക്കാമെന്ന് സമ്മതിച്ചു എന്നാല്‍ ബംഗാളില്‍നിന്നുള്ള രണ്ട് മാധ്യമങ്ങള്‍ ഈ വലിയ ഓഫര്‍ നിരസിച്ചു. ബര്‍ത്ത്മാന്‍, ദൈനിക് സംബന്ധ് എന്നീ പത്രങ്ങളാണ് പണത്തിന് മുന്നില്‍ നട്ടെല്ല് വളയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചത്. എന്നാല്‍ കോബ്രാപോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മലയാള മാധ്യമങ്ങളില്ല. എന്തുകൊണ്ടാണ് ഇവര്‍ മലയാള മാധ്യമങ്ങളെ സമീപിക്കാതിരുന്നത് എന്ന് വ്യക്തമല്ല.

പണം നല്‍കിയാല്‍ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാം, സമരം ചെയ്യുന്ന കര്‍ഷകരെ മാവോയിസ്റ്റുകളായി ചിത്രീകരിക്കാം, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കാം, പ്രതിഫലം കള്ളപ്പണമായിട്ടാണെങ്കിലും മതി എന്നുംമറ്റുമാണ് മാധ്യമ മേധാവികള്‍ സമ്മതിച്ചത്. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കാമെന്നും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കാമെന്നും ഇവര്‍ സമ്മതിച്ചു. ഓഫര്‍ നല്‍കുന്നവര്‍ മുന്നോട്ടുവച്ച കരാറനുസരിച്ച് രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും മായാവതിയെ ബുവ എന്നും അഖിലേഷ് യാദവിനെ ബാബുവ എന്നും വിശേഷിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

പണം നല്‍കിക്കഴിഞ്ഞാല്‍ പിന്നീടുള്ള ആദ്യ മാസങ്ങളില്‍ തീവ്ര ഹിന്ദുത്വ ആശയങ്ങളാണ് പ്രചരിപ്പിക്കേണ്ടത്. വിനയ് കത്യാരിന്റേയും മോഹന്‍ ഭാഗവതിന്റേയും ഉമാ ഭാരതിയുടേയും വര്‍ഗീയ പ്രസംഗങ്ങള്‍ പ്രാധാന്യത്തോടെ പ്രചരിപ്പിക്കുക, തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്തുക എന്നും കരാര്‍ പറയുന്നു. മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയാ വിഭാഗങ്ങളുള്‍പ്പെടെ ഇതിനായി പരിശ്രമിക്കണം എന്നും ഓഫര്‍ നല്‍കുന്നവര്‍ ആവശ്യപ്പെടുന്നു. ഇത്തരം വൃത്തികേടുകളെല്ലാം പണത്തിനായി ചെയ്യാന്‍ തയാറാണെന്ന് മാധ്യമങ്ങള്‍ സമ്മതിക്കുന്നുമുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top