ചെങ്ങന്നൂര്‍ പോര്; എന്‍ഡിഎ മികച്ച പ്രകടനം ആവര്‍ത്തിക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

പിഎസ് ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിജെപി വോട്ടിനെ ചൊല്ലി ആരോപണം മുറുകുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എന്‍ഡിഎ നേടിയ വന്‍ മുന്നേറ്റം കാണാതിരിക്കാനാകില്ല. പത്ത് മടങ്ങ് വോട്ട് ശതമാനം ഒറ്റയടിയ്ക്ക് വര്‍ധിപ്പിച്ച ശ്രീധരന്‍പിള്ള തന്നെയാണ് ഇക്കുറിയും സ്ഥാനാര്‍ഥിയെന്നത് മുന്നണിക്ക് അനുകൂലഘടകമാണ്. കഴിഞ്ഞ തവണത്തെ മികച്ച പ്രകടനം ആവര്‍ത്തിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് മുന്നേറ്റമുണ്ടാക്കാനായ ഏറ്റവും പ്രധാന മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂര്‍. ആകെയുള്ള പത്ത് പഞ്ചായത്തുകളില്‍ ഒരിടത്ത് ഒന്നാം സ്ഥാനത്തും നാല് സ്ഥലങ്ങളില്‍ രണ്ടാമതെത്താനും എന്‍ഡിഎയ്ക്കായി. 2011-ലെ 6062 വോട്ട് 42682 വോട്ടാക്കി മാറ്റി അത്ഭുതം സൃഷ്ടിക്കാന്‍ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് കഴിഞ്ഞു.

യുഡിഎഫ് ലീഡ് ചെയ്ത നഗരസഭയില്‍ വ്യത്യാസം വെറും 810 വോട്ട് മാത്രം. ബിഡിജെഎസ് പിന്തുണ, മോദി പ്രഭാവം, കോണ്‍ഗ്രസിലെ ഉള്‍പ്പോര് തുടങ്ങി നിരവധി കാരണങ്ങള്‍ ബിജെപിയുടെ വോട്ട് വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു. ബിജെപി 4.84 വോട്ട് ശതമാനം 29. 36 ആയി വര്‍ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന് 21 ശതമാനവും ഇടതുമുന്നണിയ്ക്ക് ആറ് ശതമാനവും വോട്ടു കുറവുണ്ടായി.

പതിനൊന്നിടത്തും 1000 വോട്ടില്‍ താഴെയായിരുന്നു ബിജെപിയ്ക്ക് ലഭിച്ചിരുന്ന വോട്ടെങ്കില്‍ പത്ത് മടങ്ങ് വരെയാണ് ഒറ്റയടിയ്ക്ക് വര്‍ധനവുണ്ടായത്. 3603 വോട്ടു നേടി ഒന്നാം സ്ഥാനത്ത് വന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ 2011ല്‍ ലഭിച്ച വോട്ട് വെറും 852 മാത്രം. രണ്ടാമതെത്തിയ പുലിയൂര്‍, ബുധനൂര്‍, ചെറിയനാട്, വെണ്‍മണി പഞ്ചായത്തുകളിലും സ്ഥിതി സമാനമായിരുന്നു. നഗരസഭയില്‍ കിട്ടിയിരുന്ന 568 വോട്ട് 4182 വോട്ടായാണ് കുതിച്ചു കയറിയത്.

പാളയത്തില്‍ പടയും ശോഭനാ ജോര്‍ജിന്റെ വിമതസ്ഥാനാര്‍ഥിത്വവുമൊക്കെ കോണ്‍ഗ്രസ് വോട്ടില്‍ വലിയ അടിയൊഴുക്കുണ്ടാക്കാന്‍ കാരണമായി. ഇടത് വോട്ടുകളില്‍ വലിയ കുറവുണ്ടായില്ലെങ്കിലും എതിര്‍ചേരിയിലെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് കാര്യമായി ഗുണം ചെയ്തില്ല എന്നതും കണക്കുകളില്‍ വ്യക്തമാണ്. കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ ശ്രീധരന്‍പിള്ള ഇക്കുറി വര്‍ധിപ്പിക്കുമോ അതോ നിലനിര്‍ത്തുമോ എന്നത് കണ്ടറിയണം. ബിഡിജെഎസ് നിസഹകരണം എങ്ങനെ ബാധിക്കുമെന്നതും ചോദ്യമാണ്.

DONT MISS
Top