ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രാഹിമിനും പങ്ക്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ദില്ലി മുന്‍ എസിപി

ദില്ലി: നടി ശ്രീദേവിയുടെ അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ആരോപിച്ച ദില്ലി പൊലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ശ്രീദേവിയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ശ്രീദേവി അവസാന സമയത്ത് താമസിച്ചിരുന്ന ജുമേറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടല്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വേദ് ഭൂഷണ്‍ ആരോപിക്കുന്നു.

ശ്രീദേവിയുടെ രക്തസാമ്പിളുകളും ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും ദുബായ് പൊലീസിനോട് ചോദിച്ചിരുന്നുവെന്നും അത് നല്‍കാത്തത് സംശയത്തിന് കാരണമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരുന്നെന്നും ഇത് സംശയത്തിന് ഇടനല്‍കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിക്കുന്നു.

ശ്രീദേവിയുടേത് അപകടമരണമാണെന്ന് പറയാനാകില്ലെന്നും അതൊരു ആസൂത്രിത കൊലപാതകമാണെന്നുമാണ് ആരോപിച്ച് നേരത്തെ വേദ് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. പൊലീസില്‍ നിന്നും വിമരമിച്ച ശേഷം ഒരു സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ് വേദ് ഭൂഷണ്‍.  ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുബായില്‍ പോയി അന്വേഷണം നടത്തി തിരികെ എത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചത്.

ദുബായ് പൊലീസ് നല്‍കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ താന്‍ തൃപ്തനല്ലെന്ന് വേദ് ഭൂഷണ്‍ നേരത്തെ ആരോപിച്ചിരുന്നു. ദുബായിലെ ഹോട്ടല്‍ മുറിയില്‍ ബാത്ത്ടബ്ബില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയെ കണ്ടെത്തുന്നത്. ഫെബ്രുവരി 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്, ശ്രീദേവിയുടേത് അപകട മരണമാണെന്നും, ബാത്ത്ടബ്ബില്‍ ബോധരഹിതയായി കിടന്നിരുന്ന ശ്രീദേവിയുടെ ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്നുമാണ്. ദുബായ് പൊലീസിന്റെ ഈ വാദങ്ങളോടും വേദ് ഭൂഷണ്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

ശ്രീദേവിയുടെ മരണം സംബന്ധിച്ചുള്ള കേസ് എന്തുകൊണ്ടാണ് ഇത്രപെട്ടെന്ന് തീര്‍പ്പാക്കിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു. താനിപ്പോഴും ഈ കേസിന്റെ പുറകെയാണെന്നും ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും വേദ് ഭൂഷണ്‍ ആവശ്യപ്പെടുന്നു.

ഫെബ്രുവരി 24നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവി മുങ്ങി മരിയ്ക്കുന്നത്. മരണത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ വന്നെങ്കിലും ശ്രീദേവിയുടേത് അപകട മരണമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു.

DONT MISS
Top