എത്രയും പ്രിയപ്പെട്ട എബിഡി, നന്ദി

ബിനു തോമസ്

“ഈ കാലഘട്ടത്തിലെ ഏറ്റവും പരിപൂര്‍ണനായ ക്രിക്കറ്റര്‍, അത് എ ബി ഡിവില്ലിയേഴ്‌സാണ്”, പറയുന്നത് ഏറ്റവും അര്‍ഹതയുള്ളയാള്‍തന്നെ, സാക്ഷാല്‍ വിവിഎസ് ലക്ഷ്മണ്‍. ലക്ഷ്മണിനല്ലാതെ ആര്‍ക്കാണ് ആ പ്രതിഭാ സ്പര്‍ശം ഇത്രയും വ്യക്തമായി മനസിലാക്കാനാവുക! ഇന്ത്യക്കാരുടെ വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്മണ് ഒരു പന്ത് ഏത് ദിശയിലേക്കും അടിച്ചകറ്റാനുള്ള അസാമാന്യപ്രതിഭ കൈമുതലായുണ്ടായിരുന്നെങ്കില്‍ എബിഡി അത്തരത്തിലുള്ള തന്റെ കഴിവിനെ ഒരു തലമുറയെ സ്വാധീനിക്കുന്ന തലത്തിലേക്ക് വളര്‍ത്തി. ഇപ്പോള്‍ ഐപിഎല്ലില്‍ ശരീരം ഒരു വില്ലുപോലെ വഴക്കി ഏത് യുവ പ്രതിഭയും പന്ത് അതിര്‍ത്തി കടത്തുമ്പോള്‍ അതിലൊരു എബിഡി സ്പര്‍ശം നമുക്ക് കാണാം.

സമകാലിക ക്രിക്കറ്റിന്റെ തലപ്പത്ത് വിരാജിക്കുമ്പോള്‍ പിന്‍വാങ്ങുക എന്ന തീരുമാനമെടുക്കാന്‍ എബിഡിയ്ക്കായി. തീരുമാനത്തില്‍ അദ്ദേഹം അദ്ദേഹത്തോടുതന്നെ നീതിപുലര്‍ത്തിയോ എന്നത് സംശയമാണ്. ആധുനിക ക്രിക്കറ്റിലെ സമാനതകളില്ലാത്ത പ്രതിഭാസം എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഒരുപക്ഷേ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ എബിഡിയ്ക്കുമാത്രമേ സാധിക്കുകയുള്ളൂ എന്ന് ഉറപ്പിച്ച് പറയാം. അനായാസേന പന്തിനെ കോരിയെറിയുന്ന അദ്ദേഹത്തിന്റെ ഒരു സ്‌കൂപ് ഷോട്ടുപോലെ മനോഹരവും അയത്‌നലളിതവുമായ ഒരു വിരമിക്കല്‍. അതില്‍പോലുമുണ്ട് സ്വതസിദ്ധമായ ആ എബിഡി ടച്ച്.

സ്ഥിരതയിലും ക്ലാസിലും സാങ്കേതിക മികവിലും വിരാട് കോലിയുമായും സ്മിത്തുമായും ജോ റൂട്ടുമായും വാര്‍ണറുമായും കുക്കുമായിട്ടും അംലയുമായിട്ടുമെല്ലാം താരതമ്യം ചെയ്യപ്പെടുമ്പോള്‍ എബിഡി ഒരുപടി മുകളില്‍ത്തന്നെയായിരുന്നു. എതിര്‍ ടീമിന്റെ മുകളിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കാന്‍ മാത്രമല്ല, ക്രിക്കറ്റ് അതിന്റെ ഇത്രയും കാലത്തെ ചരിത്രംകൊണ്ട് സ്വരുക്കൂട്ടിയ അതിന്റെ എല്ലാവിധ സൗന്ദര്യവും തന്റെ ബാറ്റിലേക്ക് ആവാഹിക്കാന്‍ എബിഡിയ്ക്ക് കഴിഞ്ഞു. ഒരുപക്ഷേ അന്യം നിന്നുകൊണ്ടിരിക്കുന്ന ആ കളിസൗന്ദ്യത്തിന്റെ നല്ലൊരു പ്രയോക്താവായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് ഇതിഹാസങ്ങളോടൊപ്പം പരിഗണിക്കാമെങ്കിലും അവരേപ്പൊലെ നിയതമായ ഒരു ചട്ടക്കൂടില്‍ എബിഡി ഒരുകാലത്തും ഒതുങ്ങിയില്ല. കാട്ടില്‍ കയറിയ കൊമ്പനേപ്പോലെ ഏതുവഴിയിലും എന്ത് തടസങ്ങളെ നീക്കിയും അവന്‍ സഞ്ചരിക്കും. വായുവില്‍ നിന്നോ, ഒരുകാലില്‍ വട്ടംകറങ്ങിയോ എബിഡി നിറയൊഴിക്കും. ശരീരത്തിന്റെ ബാലന്‍സ് പൂര്‍ണമായും നഷ്ടമായി നിലത്ത് പതിക്കുന്നതിന് തൊട്ടുമുമ്പ് ഏത് നിമിഷവും ആ ബാറ്റ് ചലിക്കും, പന്ത് അതിര്‍ത്തി കടക്കും. ഒരുപക്ഷേ ബാറ്റിന് പകരം ഒരു ചെറുകമ്പ് ഉപയോഗിച്ച് അദ്ദേഹം കളത്തിലിറങ്ങിയാലും ആരും അതിശയിച്ച് ആര്‍ത്തുവിളിക്കാന്‍ പോകുന്നില്ല, അത് എബിഡിയാണ്!

പ്രാക്ടീസിന് ഡെയില്‍ സ്‌റ്റെയിന്‍ പന്തെറിയുമ്പോള്‍ സ്റ്റമ്പ് ഉപയോഗിച്ച് ബാറ്റ് ചെയ്ത എബിഡിയെ ഓര്‍ക്കുക. പത്തില്‍ ആറ് തവണ സ്റ്റെയ്‌ന്റെ പന്ത് എബിഡി തടുത്തിട്ടു. അന്ന് തീതുപ്പുന്ന പന്തുകളായിരുന്നു സ്റ്റെയ്‌ന്റെ കൈമുതല്‍. അദ്ദേഹം അത്രയും തിളങ്ങിനിന്ന കാലമായിരുന്നു അത്. ലോകത്തെ ഒന്നാം നമ്പര്‍ ബൗളറെ നേരിടാന്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഉപയോഗിച്ചത് ഒരു സ്റ്റമ്പ് മാത്രം! “രണ്ടേരണ്ട് ഐപിഎല്‍ മത്സരത്തില്‍ മാത്രമേ ഞാന്‍ ഭയന്നുപോയിട്ടുള്ളൂ, അത് എബിഡിയ്ക്ക് എതിരെ കളിച്ച രണ്ട് കളികളാണ്”, ഒരവസരത്തില്‍ സ്‌റ്റെയ്ന്‍ എബിഡിയേക്കുറിച്ച് പറഞ്ഞു.

“എ ബി ഡിവില്ലിയേഴ്‌സിന്റെ ഡിഎന്‍എ പരിശോധിക്കണം, ഈ കളി മനുഷ്യര്‍ക്കുവേണ്ടി മാത്രമുള്ളതാണ്”, ക്രിക്കറ്റ് ലേഖകനും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞതാണിത്. എബിഡിയേക്കുറിച്ച് പ്രസക്തമായ പല നിരീക്ഷണങ്ങളും അദ്ദഹം നടത്തിയിട്ടുണ്ട്. “പന്ത് ബൗളറുടെ കയ്യില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം എബിഡിയുടെ കാല്‍മുട്ടുകള്‍ അല്‍പമൊന്ന് മടങ്ങും. ഇതോടെ സെന്റര്‍ഓഫ് ഗ്രാവിറ്റി താഴുകയും സ്ഥിരത ലഭിക്കുകയും ചെയ്യും. ഏത് ഷോട്ട് കളിച്ചാലും അദ്ദേഹത്തിന്റെ നോട്ടം ബാറ്റുകൊണ്ട് നിറയൊഴിക്കുന്ന നിമിഷം വരെ പന്തിലായിരിക്കും. മറ്റൊന്ന് എബിഡിയുടെ ബാറ്റിന്റെ അസാമാന്യ വേഗം”. ഇത്തരത്തിലാണ് എബിഡിയുടെ ബാറ്റിംഗ് രഹസ്യം ചോപ്ര വിലയിരുത്തുന്നത്.

കൊലകൊമ്പന്മാര്‍ പലരും അരങ്ങുവാണ ലോക ക്രിക്കറ്റില്‍ എബിഡി കുറിച്ചിട്ട റെക്കോര്‍ഡുകള്‍ നിരവധി. ഏകദിനത്തില്‍ ഏറ്റവും വേഗത്തിലുള്ള അര്‍ദ്ധ സെഞ്ച്വറി, സെഞ്ച്വറി, അതിവേഗ 150, എല്ലാം എ ബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. വെറും 16 പന്തിലാണ് 50 തികച്ചത്. 31 പന്തില്‍ സെഞ്ച്വറിയും 64 പന്തില്‍ 150 എന്നിങ്ങനെ അതിശയത്തോടെ മാത്രമേ ഈ റെക്കോര്‍ഡുകളിലേക്ക് കണ്ണോടിക്കാനാകൂ. ടെസ്റ്റിലും ഏകദിനത്തിലും അമ്പത് റണ്‍സിലേറെയാണ് അദ്ദേഹം നിലനിര്‍ത്തിയ ശരാശരി. എണ്ണായിരത്തിലേറെ റണ്‍സ് നേടിക്കൊണ്ടാണ് ഈ ശരാശരി അദ്ദേഹം കാത്തത്.

ബാറ്റ്‌സ്മാന്‍ എന്നതിലുപരി ലോകം കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാള്‍ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഏതാനും ദിവസം മുമ്പ് ഐപിഎല്ലില്‍ പോലും ആ മികവ് തെളിഞ്ഞുകണ്ടു. അലക്‌സ് ഹെയ്ല്‍സിനെ ബൗണ്ടറി ലൈന് സമീപം വച്ച് പിടികൂടിയ ആ മികവ് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ചൂണ്ടിക്കാട്ടുന്നു. വിക്കറ്റ് കീപ്പര്‍ എന്നനിലയിലും തിളങ്ങി. ഇത്തരം പ്രകടനം പുറത്തെടുക്കുമ്പോഴും ‘ഞാന്‍ മടുത്തു’ എന്നുപറഞ്ഞ് കരിയര്‍ അവസാനിപ്പിക്കാന്‍മാത്രം എന്താണ് അവിടെ സംഭവിച്ചത്?

എബിഡി ക്രിക്കറ്റിന്റെ നിയമങ്ങള്‍തന്നെ മാറ്റിയെഴുതുന്നു എന്നാണ് രാഹുല്‍ ദ്രാവിഡ് ആ മാസ്മരിക ബാറ്റിംഗിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഈ ഗ്രഹത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റര്‍ എന്ന് ആദം ഗില്‍ക്രിസ്റ്റിന്റെ അഭിപ്രായം. മുന്‍ ഇംഗ്ലീഷ് കളിക്കാരനായ ബോബ് വില്‍സ് എബിഡിയേക്കുറിച്ച് പറഞ്ഞതും ശ്രദ്ധേയം, “വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ലോകംകണ്ട എക്കാലത്തേയും ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന് കഴിഞ്ഞ 30 വര്‍ഷങ്ങളായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ ഒരു പുനര്‍വിചിന്തനം നടത്തേണ്ട സമയമായി എന്നുതോന്നുന്നു, എ ബി ഡിവില്ലിയേഴ്‌സ് ഒരസാമാന്യ പ്രതിഭയാണ്”.

എബിഡിയുടെ തീരുമാനം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനും ഐപിഎല്‍ ആരാധകര്‍ക്കും തീരാ നഷ്ടമാണ്. 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തി 141 കളികളില്‍നിന്ന് 3953 റണ്‍സ് അടിച്ചുകൂട്ടിയ എബിഡി മൂന്ന് സെഞ്ച്വറിയും 28 അര്‍ദ്ധ സെഞ്ച്വറികളും നേടി. “ഈ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എബിഡിയാണ്. അതദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുന്നു” എന്ന് സഹകളിക്കാരനും സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ചവരിലൊരാളുമായ വിരാട് കോലി അഭിപ്രായപ്പെട്ടിട്ടുണ്ട്. വിദേശത്തും കളിക്കില്ല എന്ന എബിഡിയുടെ തീരുമാനം മാറ്റപ്പെടുമെന്നും അദ്ദേഹം ഐപിഎല്ലിലേക്ക് മടങ്ങിവരുമെന്നുമാണ് ഒരുകൂട്ടം ആരാധകര്‍ വിശ്വസിക്കുന്നത്.

നീന്തല്‍ കുളത്തില്‍നിന്നും അത്‌ലറ്റിക്‌സില്‍നിന്നും മെഡലുകള്‍ വാരിക്കൂട്ടിയ ഈ പ്രതിഭയെ ക്രിക്കറ്റില്‍ മാത്രമല്ല, ജീവിതത്തിലും മിസ്റ്റര്‍ 360 എന്ന് വിശേഷിപ്പിക്കാം. താജ്മഹലിന് മുന്നില്‍വച്ച് കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയ, ജനിക്കാനിരിക്കുന്ന മൂന്നാം കുഞ്ഞിന് താജ് എന്ന പേര് നിശ്ചയിച്ചുകഴിഞ്ഞ എബിഡി ഇന്ത്യയേയും ഈ ജനത്തേയും അതിരറ്റ് സ്‌നേഹിച്ചു. അവധിയാഘോഷിക്കാന്‍ എബിഡി ആദ്യം തെരഞ്ഞെടുക്കാറുള്ള സ്ഥലവും ഇന്ത്യതന്നെ.

സച്ചിന്റെ സാങ്കേതിക മികവും ലാറയുടെ പ്രതിഭയും കണ്ട് തഴക്കംവന്ന ഒരു തലമുറയ്ക്കും തീരാ നഷ്ടമാണ് എബിഡിയുടെ ഈ പിന്‍വാങ്ങല്‍. ക്രിക്കറ്റ് കളിക്കുന്ന കാലത്ത് ക്രിക്കറ്റിന് എന്തെങ്കിലും നല്‍കിയയാള്‍ എന്ന് പുതുതലമുറ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെ വിശേഷിപ്പിക്കാമെങ്കില്‍ അത് ആരാധകരുടെ എത്രയും പ്രിയപ്പെട്ട എബിഡി മാത്രമാകുന്നതും അതിനാലാണ്. അത്തരത്തില്‍ ക്രിക്കറ്റ് ആരാധകരുടെ നന്ദി എക്കാലത്തും എബിഡിയ്ക്ക് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ അത് എത്രത്തോളം അദ്ദേഹം തിരിച്ചറിയുന്നുണ്ട് എന്ന കാര്യത്തിലേ സംശയമുള്ളൂ.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അനേകം സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ ഒരു അവസ്ഥയിലാണ് ക്രിക്കറ്റ് പ്രേമികള്‍. അന്ന് സച്ചിന്‍ വിരമിക്കുന്നു എന്നുകേട്ടപ്പോള്‍ അനുഭവിച്ച അതേ അനുഭവം പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അന്ന് സച്ചിനേക്കുറിച്ച് പറഞ്ഞതുപോലെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നു. ക്രിക്കറ്റ് എന്ന കളിതന്നെ എബിഡിയെ ഉപയോഗപ്പെടുത്തുകയായിരുന്നില്ലേ? ക്രിക്കറ്റുകൊണ്ട് എബിഡിക്കുണ്ടായ നേട്ടത്തേക്കാള്‍ എബിഡിയെക്കൊണ്ട് ക്രിക്കറ്റിനായിരുന്നു നേട്ടം. കളിക്കാരന്‍ ഒരു കളിയേക്കാള്‍ വലുതാകുന്നതെങ്ങനെ എന്ന് ചില ഇതിഹാസ താരങ്ങള്‍ നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. ഇവിടെ എബിഡിയും ചരിത്രത്തിന്റെ ഇടനാഴിയില്‍ കൃത്യമായ പ്രാധാന്യത്തോടെ നിലകൊള്ളും. ഒരല്‍പംപോലും അവകാശവാദങ്ങള്‍ ഉന്നയിക്കാതെ, എന്നാല്‍ താനായിട്ടുതന്നെ സിംഹാസനം ഒഴിഞ്ഞ ചക്രവര്‍ത്തിയെപ്പോലെ, തലയുയര്‍ത്തിപ്പിടിച്ച്..

DONT MISS
Top