എകെ ആന്റണിയുടെ പ്രസ്താവന വിഭ്രാന്തി മൂലം, വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി ചെങ്ങന്നൂരില്‍

പിണറായി വിജയന്‍

ചെങ്ങന്നൂര്‍: വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരില്‍. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പിന്തുണയ്ക്കുന്നുവെന്ന എകെ ആന്റണിയുടെ പ്രസ്താവന വിഭ്രാന്തി മൂലമാണെന്നായിരുന്നു പിണറായിയുടെ മറുപടി. സംസ്ഥാനം മികച്ചതെന്ന് കേന്ദ്രം പറഞ്ഞാല്‍ അതിനെ നിഷേധിക്കാനാകുമോ എന്നും പിണറായി ചോദിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പ്രചരണത്തിന് ചെങ്ങന്നൂരില്‍ ഇന്നും നാളെയുമായി 11 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നത്.  രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി പ്രവര്‍ത്തകരും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ആദ്യ കേന്ദ്രമായ ബുധനൂര്‍ പഞ്ചായത്തിലെ എണ്ണയ്ക്കാട്ടേയ്ക്ക്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ അക്കമിട്ടു നിരത്തിയായിരുന്നു പ്രസംഗം. മലയോര തീരദേശ ഹൈവേകളും റെയില്‍പാത ഇരട്ടിപ്പിക്കലും കണ്ണൂര്‍ ശബരിമല വിമാനത്താവളവും എല്ലാം പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നത്.

സംസ്ഥാനവും കേന്ദ്രവും നടപ്പിലാക്കുന്നത് സമാന കാര്യങ്ങളെന്ന് പ്രചരിപ്പിക്കുന്ന എകെ ആന്റണിയ്ക്ക് വിഭ്രാന്തിയാണെന്നായിരുന്നു പിണറായിയുടെ മറുപടി. കൂടെയുള്ളവരില്‍ പലരും പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണെന്ന് പറഞ്ഞത്  ആന്റണിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരമസ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെയും ഭരണഘടനാ സംവിധാനങ്ങളെയും പോലും ബിജെപി നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന കാലത്താണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് വോട്ടര്‍മാര്‍ മനസിലാക്കുമെന്നും പിണറായി പറഞ്ഞു.

DONT MISS
Top