ചെങ്ങന്നൂരിലെ സാമുദായിക സ്വാധീനവും മുന്നണികളുടെ പ്രതീക്ഷയും

രാജ്യം ഉറ്റു നോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്തിമ വിജയം ആര്‍ക്കൊപ്പമായാലും മണ്ഡലത്തിലെ സാമുദായിക ഘടകങ്ങള്‍ അതില്‍ സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍. ഇന്നുവരെ ചെങ്ങന്നൂരില്‍ വിജയക്കൊടി നാട്ടിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെല്ലാം ഈ രണ്ട് വിഭാഗത്തില്‍ പെട്ടവരാണ് എന്നത് ഈ അപ്രഖ്യാപിത ശക്തിയുടെ തെളിവുകളായി വിലയിരുത്താം. അതുകൊണ്ട് തന്നെ മുന്നണികളുടെ എല്ലാം ഒരു കണ്ണ് സാമുദായിക വോട്ടു ബാങ്കുകളില്‍ തന്നെ.

യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നായര്‍ വിഭാഗത്തില്‍ പെട്ടവരും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട ആളായതും യാദൃശ്ചികം അല്ലെന്ന് ചുരുക്കം. ക്രിസ്ത്യന്‍ ആധിപത്യം 24 ശതമാനവും നായര്‍ സ്വാധീനം 22 ശതമാനവുമാണ് മണ്ഡലത്തില്‍. സമദൂരമാണ് എന്‍എസ്എസിന്റെ നിലപാട് എന്നു ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കുമ്പോഴും മുന്നോക്കകാരിലെ പിന്നോക്കകാരെ പിന്തുണച്ചത് എല്‍ഡിഎഫ് ആണ് എന്ന നിലപാട് ഇടതിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. നായര്‍ വോട്ടുകള്‍ വീതിക്കപ്പെട്ടാല്‍ ഒരു വലിയ പങ്ക് ഇടതിലേക്കും എത്തും എന്നത് വ്യക്തം. മണ്ഡലത്തിലെ ക്രിസ്ത്യന്‍ അധിപത്യത്തില്‍ ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ സഭകള്‍ക്കാണ് മുന്‍തൂക്കം. കൃത്യമായ പിന്തുണ വെളിപ്പെടുത്താത്ത സഭകള്‍ പക്ഷെ ചില വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. മദ്യനയം ചെങ്ങന്നൂര്‍ ഇലക്ഷനെ ബാധിക്കുമെന്ന് പറയാതെ പറഞ്ഞ മാര്‍ത്തോമ ചെങ്ങന്നൂര്‍ ഭദ്രാസന അധിപന്‍ മാര്‍ തിമോത്തിയോസ് മദ്യത്തെ പ്രോല്‍സാഹിപ്പിക്കാത്ത നേതൃത്വം ഉയര്‍ന്നു വരണം എന്നാണ് ആഗ്രഹം എന്നുകൂടി പറയുന്നു.

എന്നാല്‍ മദ്യ നിരോധനം അല്ല മദ്യ വര്‍ജനമാണ് വേണ്ടതെന്നാണ് ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രസന അധിപന്‍ തോമസ് മാര്‍ അത്തനാസിയോസിന്റെ പക്ഷം. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മദ്യനയം ബാധിക്കില്ല എന്നും ഭദ്രാസന അധിപന്‍ വക്തമാക്കുന്നു. ആര്‍ക്കൊപ്പം എന്നത് തുറന്നു പറയാന്‍ മടിക്കുമ്പോഴും പ്രഭല സഭകള്‍ പറയാതെ പറയുന്ന കാഴ്ച്ചപ്പാടുകള്‍ വിരല്‍ ചൂണ്ടുന്ന രാഷ്ട്രീയം ഏറെ കുറെ വ്യക്തമാണ്. നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കൊപ്പം മറ്റു വിഭാഗങ്ങളുടെ സ്വാധീനവും മണ്ഡലത്തില്‍ തീര്‍ത്തും ചെറുതല്ല.

ഈഴവ 19%, ദലിത് 13%, വിശ്വകര്‍മ 8%, മുസ്‌ലിം 6%, മറ്റുള്ളവര്‍ 4% എന്നിങ്ങനെയാണ് മണ്ഡലത്തിലെ മറ്റു സാമുദായിക ഘടകങ്ങളുടെ സ്വാധീനം. മണ്ഡലത്തിലെ വിജയ പരാജയങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വിഭാഗങ്ങള്‍ക്കും സാധിക്കും എന്നതാണ് ഈ കണക്കുകളും സൂചിപ്പിക്കുന്നത്. സമുദായത്തിനോട് നീതി പുലര്‍ത്തിയവര്‍ക്കൊപ്പമാണ് വോട്ട് എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു വയ്ക്കുമ്പോള്‍, മുന്നണികള്‍ക്കെല്ലാം ഒരേ സമയം ആശങ്കയും പ്രതീക്ഷയുമാണ് അത് നല്‍കുന്നത്. മൂന്ന് മുന്നണികളും വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് വോട്ടുറപ്പിക്കാന്‍ കരുക്കള്‍ നീക്കി തുടങ്ങിയിട്ടുണ്ട്.

മുന്നണികളെല്ലാം അവഗണിക്കുകയാണന്ന നിലപാട് സ്വീകരിച്ച ദലിത് സംഘടനകള്‍ ആര്‍ക്കൊപ്പം എന്നത് വ്യക്തമല്ല. എങ്കിലും ഈ വിഭാഗത്തില്‍ നിന്നുള്ള പരമ്പരാഗത വോട്ടുകള്‍ ചോരില്ലെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. ഇതിനായി പട്ടിക ജാതി കോളനികള്‍ കേറിയിറങ്ങിയുള്ള പ്രചരണം ആദ്യ ഘട്ടം മുതല്‍ നേതാക്കള്‍ ആരംഭിച്ചിരുന്നു. ഊഹാപോഹങ്ങള്‍ ഒക്കെ അവസാനിച്ച് ശക്തമായ ത്രികോണ മത്സരത്തിലേക്ക് മണ്ഡലം എത്തുമ്പോള്‍ അവസാന വട്ട പോരാട്ടം ഇഞ്ചോടിഞ്ചായാല്‍ മറ്റു സാമുദായിക വിഭാഗങ്ങളുടെ തീരുമാനങ്ങളും അവസാന ലാപ്പിലെ ജയ പരാജയങ്ങളില്‍ സ്വാധീനം ചെലുത്തുമെന്നത് ഉറപ്പാണ്.

DONT MISS
Top