ചെങ്ങന്നൂരില്‍ യുഡിഎഫ് പ്രചരണത്തിന് ആവേശമായി എകെ ആന്റണി

എകെ ആന്റണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ യുഡിഎഫ് പ്രചരണത്തിന് ആവേശമായി എകെ ആന്റണിയും. കേന്ദ്രസംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയാണ് ആന്റണിയുടെ പ്രചരണ പരിപാടികള്‍ പുരോഗമിക്കുന്നത്. ചെങ്ങന്നൂരില്‍ എല്‍ഡിഎഫും യുഡിഎഫും നേരിട്ടാണ് മത്സരമെന്നും ഇക്കുറി ബിജെപിയ്ക്ക് പരുക്ക് വര്‍ധിക്കുമെന്നും ആന്റണി പറഞ്ഞു.

കര്‍ണാടകത്തില്‍ മാത്രമല്ല രാജ്യമാകെ സംഘപരിവാറിനെ അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. അതിന്റെ ഭാഗമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ത്യാഗം സഹിച്ച് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും എകെ ആന്റണി പറഞ്ഞു. കേരളത്തില്‍ സ്ഥിതി വ്യത്യസ്ഥമാണെങ്കിലും അഖിലേന്ത്യാ തലത്തില്‍ സിപിഐഎമ്മും ഈ സഖ്യത്തില്‍ പങ്കാളികളാകണമെന്നാണ് ആഗ്രഹിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആക്ഷന്‍ പ്ലാനിലാണ് കോണ്‍ഗ്രസെന്നും ആന്റണി വ്യക്തമാക്കി.

ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ത്രികോണ മത്സരമായിരുന്നുവെങ്കിലും ഇത്തവണ സ്ഥിതി അതല്ല. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ ചിലയാളുകള്‍ സഹായിച്ചതുകൊണ്ടു മാത്രമാണ് ബിജെപിയ്ക്ക് മുന്നേറ്റമുണ്ടാക്കാനായതെന്നും ബിഡിജെഎസിന്റെ പേരെടുത്തു പറയാതെ ആന്റണി സൂചിപ്പിച്ചു.

കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പോലും പാടില്ലെന്ന് വാദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമൊപ്പം ഒരേ വേദിയിലെത്തിയതില്‍ സന്തോഷം പ്രകടിപ്പിക്കാനും ആന്റണി മറന്നില്ല. എകെ ആന്റണി കൂടി മണ്ഡലത്തിലെത്തിയതോടെ യുഡിഎഫ് ക്യാമ്പില്‍ ആവേശം വര്‍ധിക്കുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top