ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കെഎം മാണി ഇന്ന് യുഡിഎഫ് വേദിയില്‍

കെഎം മാണി

ചെങ്ങന്നൂര്‍: ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം കെഎം മാണി ഇന്ന് യുഡിഎഫ് വേദിയിലെത്തും. ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന്റെ പ്രചരണപരിപാടിയിലാണ് കെഎം മാണി പങ്കെടുക്കുന്നത്. മലപ്പുറത്തും വേങ്ങരയിലും പ്രചരണത്തിന് പോയിരുന്നുവെങ്കിലും അത് ലീഗുമായുള്ള ബന്ധത്തിന്റെ ഭാഗമാണെന്നായിരുന്നു അന്ന് മാണിയുടെ വിശദീകരണം.

2016 ആഗസ്തില്‍ നടന്ന ചരല്‍ക്കുന്ന് ക്യാമ്പിന് ശേഷം പഴയ പാളയത്തിലേക്ക് മാണി തിരിച്ചെത്തുന്നത് ആദ്യമാണ്. ഇരുമുന്നണികളോടും അകലം പാലിക്കാനും സ്വതന്ത്രനിലപാട് സ്വീകരിക്കാനുമുള്ള തീരുമാനത്തിന് ശേഷം യുഡിഎഫുമായി കേരളകോണ്‍ഗ്രസ് കൃത്യമായ അകലം സൂക്ഷിച്ചിരുന്നു. യുഡിഎഫിലേക്ക് തിരികെയില്ലെന്ന് ആവര്‍ത്തിച്ചിരുന്ന കെഎം മാണി ഇന്ന് പഴയ പ്രഖ്യാപനങ്ങള്‍ മറന്ന് ഇന്നു വീണ്ടും ആ വേദിയിലെത്തും. കോട്ടയത്ത് കഴിഞ്ഞ ഡിസംബറില്‍ നടന്ന കേരളകോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് തന്നെ പിന്നില്‍ നിന്നു കുത്തിയവരെക്കുറിച്ച് കെഎം മാണി മുള്ളും മുനയും തൊടുത്തത്. മാണി സൂചനകള്‍ മാത്രം നല്‍കിയപ്പോള്‍ മകനും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ ജോസ് കെ മാണി ഇടയനെ അടിച്ച് ആടിനെ ചിതറിക്കാന്‍ നോക്കിയ ചതിയുടെ കഥ പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.

മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ ചേര്‍ന്ന സമ്മേളനവും ആ അജണ്ട മാറ്റി നിര്‍ത്തി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആവര്‍ത്തിച്ച് കെഎം മാണി ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി. ആ ഉചിതമായ തീരുമാനമെടുക്കാനുള്ള സമയമായി കേരളകോണ്‍ഗ്രസിന് ഒടുവില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വീണുകിട്ടുകയും ചെയ്തിരിക്കുന്നു. നിലവില്‍ യുഡിഎഫിനുള്ള പിന്തുണ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കൂടെയുള്ള വിശ്വസ്തരുടെയും പിജെ ജോസഫിന്റെയും സമ്മര്‍ദം കെഎം മാണിയെ തിരിച്ച് യുഡിഎഫില്‍ തന്നെ എത്തിക്കുമെന്ന കാര്യം വ്യക്തമാണ്. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് ഡി വിജയകുമാറിന് വേണ്ടി കെഎം മാണി പ്രസംഗിക്കുന്നത്. എന്തായിരിക്കും മാണി സംസാരിക്കാന്‍ പോകുന്ന വിഷയമെന്നതും കൗതുകമുണര്‍ത്തുന്ന കാര്യം തന്നെയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top