‘യോഗിയുടെ വില്ലന്‍, പിണറായിയുടെ ഹീറോ’; ദേശീയതലത്തില്‍ പുതിയ വിവാദങ്ങള്‍ തലപൊക്കുന്നു, വിശദീകരണവുമായി കഫീല്‍ ഖാന്‍

നിപ വൈറസ് കേരളത്തില്‍ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് സേവനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഉത്തര്‍പ്രദേശിലെ ഡോ കഫീല്‍ ഖാനെ ചൊല്ലി പുതിയ വിവാദം പുറത്തുവരുന്നു. നിപ ദുരിതബാധിതരെ സഹായിക്കാന്‍ കേരളത്തില്‍ സേവനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ കഫീല്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നത്. ആവശ്യത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇതിനായി മെഡിക്കല്‍ സൂപ്രണ്ട് ഓഫീസറുമായി ബന്ധപ്പെടണമെന്ന മറുപടി നല്‍കുകയുമായിരുന്നു.

ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പ്രചരണങ്ങളാണ് ശക്തമാകുന്നത്. ‘യോഗിയുടെ വില്ലന്‍ പിണറായിയുടെ ഹീറോ’ എന്ന തരത്തിലാണ് പ്രചരണം. ദേശീയ മാധ്യമങ്ങളാണ് ഇവയ്ക്ക് പിന്നില്‍. പ്രചരണങ്ങള്‍ ശക്തമായതോടെ കഫീല്‍ ഖാന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രചരണങ്ങള്‍ വേദനപ്പെടുത്തുന്നതാണെന്നും ഇത് സാമൂഹ്യ സേവനം മാത്രമാണെന്നും പണം വാങ്ങി നടത്തുന്ന സേവനം അല്ലെന്നത് മനസ്സിലാക്കണമെന്നും കഫീല്‍ ഖാന്‍ പറയുന്നു.

നിപ വൈറസ് ബാധ കാലത്ത് മാത്രമാണ് കേരളത്തിലെ സേവനമെന്നും അത് കഴിഞ്ഞാല്‍ താന്‍ ഉത്തര്‍പ്രദേശിലേയ്ക്ക് മടങ്ങിയെത്തുമെന്നും കഫീല്‍ ഖാന്‍ പറയുന്നു. രാജ്യത്ത് എവിടെ സേവനം നടത്തുന്നതിനും തന്നെ ഒരു കോടതിയും വിലക്കിയിട്ടില്ല. താന്‍ അങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാ ണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ സേവനം അനുഷ്ടിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നും അതിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ആതുരസേവനത്തിന് തയ്യാറാണെന്ന്  കഫീല്‍ഖാന്‍ വ്യക്തമാക്കുകയായിരുന്നു. കേരളത്തില്‍ സേവനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. കഫീല്‍ ഖാന്റെ സന്ദേശത്തിന് പിന്നാലെ തന്നെ അദ്ദേഹത്തെ കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തുകയായിരുന്നു.

അടുത്തിടെ കേരള സന്ദര്‍ശനത്തിനെത്തിയ കഫീല്‍ഖാന്‍ സംസ്ഥാനത്തെ വികസനത്തെയും ജനങ്ങളെയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കഫീല്‍ ഖാന്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top