ചെങ്ങന്നൂരില്‍ കണക്കുകൂട്ടലുമായി മുന്നണികള്‍; മുന്‍കാല കണക്കുകള്‍ ഇങ്ങനെ

ചെങ്ങന്നൂരില്‍ വിജയ പ്രതീക്ഷകളാണ് മൂന്ന് മുന്നണികളും പങ്കുവെയ്ക്കുന്നത്. എല്‍ഡിഎഫിനു വേണ്ടി സജി ചെറിയാനും, യുഡിഎഫിന വേണ്ടി ഡി വിജയകുമാറും, എന്‍ഡിഎയ്ക്കു വേണ്ടി പിഎസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ശക്തമായ പ്രചരണമാണ് മുന്നണികള്‍ കാഴ്ച വെയ്ക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും കണക്കുകൂട്ടലുകളുമായി തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്. ചെങ്ങന്നൂരിലെ ചില പഞ്ചായത്തിന്റെയും നഗരസഭകളുടെയും മുന്‍കാല കണക്കുകളിലൂടെ.

മാന്നാര്‍

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ മാന്നാറിനെ മൂന്ന് മുന്നണികളും പ്രതീക്ഷയോടെയാണ് കാണുന്നത്. തുടര്‍ച്ചയായി രണ്ടാം തവണ പഞ്ചായത്തിന്റെ ഭരണം കിട്ടിയപ്പോഴുണ്ടായ മേല്‍ക്കൈ ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇടക്കാലത്ത് വച്ച് നഷ്ടമായ മുന്നേറ്റം ഇത്തവണ തിരിച്ച് പിടിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. കഴിഞ്ഞ തവണയുണ്ടായ അപ്രതീക്ഷിതമുന്നേറ്റം നഷ്ടമാവാതിരിക്കാനാണ് ബിജെപിയുടെ ശ്രമം.

18 വാര്‍ഡുകള്‍ ഉള്ള വലിയ പഞ്ചായത്താണ് മാന്നാര്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെടെ 9 പേരുടെ പിന്തുണയോടെ യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. എല്‍ഡിഎഫിന് ആറും ബിജെപിക്ക് മൂന്ന് അംഗങ്ങളും ഉണ്ട്. 2011 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്നു പഞ്ചായത്ത്. യുഡിഎഫ് 7938 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് 7092 വോട്ടായിരുന്നു. ബിജെപിക്ക് 660 വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍ 2016 ആയപ്പോള്‍ ചിത്രം മാറി. എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടു കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 2000 ത്തോളം വോട്ടുകളാണ് യുഡിഎഫിന് കുറവുണ്ടായത്. 6096 വോട്ട് മാത്രമാണ് വിഷ്ണുനാഥിന് ലഭിച്ചത്. എല്‍ഡിഎഫിന് 6536 വോട്ട് കിട്ടി. ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. 660ല്‍ നിന്ന് 5236 ലേക്കാണ് ബിജെപിയുടെ വോട്ട് ഉയര്‍ന്നത്. പഞ്ചായത്തിന്റെ വികസനം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ വികസനം നടത്തിയത് കോണ്‍ഗ്രസാണെന്ന അവകാശവാദത്തെ തള്ളിക്കളഞ്ഞാണ്  സിപിഐഎം പ്രചരണം പുരോഗമിക്കുന്നത്. തുടര്‍ച്ചയായി 15 വര്‍ഷം സിപിഐഎം ഭരിച്ച പഞ്ചായത്ത് 7 വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

2011

യുഡിഎഫ്- 7938

എല്‍ഡിഎഫ്- 7092

ബിജെപി- 660

2016

യുഡിഎഫ്- 6096

എല്‍ഡിഎഫ്- 6536

ബിജെപി-  5236

ശോഭനാ ജോര്‍ജ്- 180

കക്ഷിനില- ( ആകെ അംഗങ്ങള്‍-18)

യുഡിഎഫ് – 9

എല്‍ഡിഎഫ് – 6

ബിജെപി- 3

ചെറിയനാട്

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ചെറിയനാട് പഞ്ചായത്ത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കരുത്തു തെളിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ ഉണ്ടായ അപ്രതീക്ഷിത മുന്നേറ്റം ആവര്‍ത്തിക്കാമെന്ന് ബിജെപിയും പ്രതീക്ഷ പുലര്‍ത്തുന്നു.

ബുധനൂര്‍, മുളക്കുഴ പഞ്ചായത്തുകള്‍ പോലെ ഇടതിന് ഏറെ വേരോട്ടമുള്ള പ്രദേശമാണ് ചെറിയനാട് പഞ്ചായത്തും. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് ഏറെ പ്രതീക്ഷ വെക്കുന്നുണ്ട് ചെറിയനാട് പഞ്ചായത്തിലും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിച്ചാലും ഈ മേല്‍ക്കൈ വ്യക്തമാണ്. കെകെ രാമചന്ദ്രന്‍ നായര്‍ക്ക് 1114 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു പഞ്ചായത്തില്‍ നിന്നു ലഭിച്ചത്. 13 ല്‍ 7 ബൂത്തിലും എല്‍ഡിഎഫ് ആയിരുന്നു മുന്നില്‍. ബിജെപി തീര്‍ത്തും ദുര്‍ബലമായിരുന്ന ഇവിടെ 6 ബൂത്തുകളില്‍  അവര്‍ക്ക് ഒന്നാമതെത്താനായി. കോണ്‍ഗ്രസിനാകട്ടെ ഒരു ബൂത്തില്‍ പോലും ലീഡുണ്ടായിരുന്നില്ല. മുസ്‌ലിം ലീഗിന് താരതമ്യേന ശക്തിയുള്ള കൊല്ലകടവ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നാണ് ഇത്തവണ യുഡിഎഫ് മുന്നേറ്റം പ്രതീക്ഷിക്കുന്നത്. ചെറിയനാട് പഞ്ചായത്തിലും എല്‍ഡിഎഫിനാണ് ഭരണം. 15 ല്‍ 10 സീറ്റ് ഇടതു കൈയാളുമ്പോള്‍ യുഡിഎഫിന് മൂന്നും ബിജെപിക്ക് രണ്ടു സീറ്റും പഞ്ചായത്തിലുണ്ട്.

2011

യുഡിഎഫ്- 5582

എല്‍ഡിഎഫ്- 5126

ബിജെപി- 661

2016

യുഡിഎഫ്- 3503

എല്‍ഡിഎഫ്- 5491

ബിജെപി-4377

ശോഭനാ ജോര്‍ജ്- 323

കക്ഷിനില ( ആകെ അംഗങ്ങള്‍  15)

എല്‍ഡിഎഫ്- 10

യുഡിഎഫ് – 3

ബിജെപി – 2

 പുലിയൂര്‍

മൂന്നു മുന്നണികള്‍ക്കും തുല്യശക്തിയുള്ള പഞ്ചായത്താണ് ചെങ്ങന്നൂരിലെ പുലിയൂര്‍. മുന്നണികള്‍ക്ക് പ്രതീക്ഷ പുലര്‍ത്താന്‍ പല സാധ്യതകളും പഞ്ചായത്തിനുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്കെത്തിയ മേഖല കൂടിയാണിവിടം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനക്കാരായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി പുലിയൂരില്‍ പ്രതീക്ഷ വെയ്ക്കുന്നത്. പഞ്ചായത്ത് ഭരണം കൈയിലുള്ളതാണ് എല്‍ഡിഎഫിന് അനുകൂലഘടകം. സ്ഥാനാര്‍ത്ഥി നാട്ടുകാരനാണെന്ന ആനുകൂല്യം തുണയാകുമെന്ന് യുഡിഎഫും കരുതുന്നു. പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ വസതി. നാട്ടുകാരുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന വിജയകുമാറിന് വലിയ പിന്തുണ പഞ്ചായത്തില്‍ നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. പക്ഷെ ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും പുലിയൂരില്‍ യുഡിഎഫിനെ അത്രകണ്ട് തുണയ്ക്കുന്നില്ല. കഴിഞ്ഞ നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പഞ്ചായത്തില്‍ മൂന്നാം സ്ഥാനത്താണ് യുഡിഎഫ് നിലയുറപ്പിച്ചത്. പ്രകടനത്തിന്റെ കാര്യത്തില്‍ ബിജെപിയാണ് പുലിയൂരിലെ പുലി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ 11 ബൂത്തുകളില്‍ അഞ്ചും കാവിയണിഞ്ഞു. മൊത്തം വോട്ടില്‍ എല്‍ഡിഎഫിന് പിന്നില്‍ രണ്ടാമത്. പഞ്ചായത്തില്‍ മൂന്ന് സീറ്റുണ്ട് എന്നതും ബിജെപി പ്രതീക്ഷ ഇരട്ടിയാക്കുന്നു. 13ല്‍ ആറ് സീറ്റുമായി എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്തില്‍ യുഡിഎഫ് ബിജെപി രഹസ്യധാരണയുണ്ടെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

2011

യുഡിഎഫ് – 5006

എല്‍ഡിഎഫ് -3505

ബിജെപി- 587

2016

യുഡിഎഫ് -3160

എല്‍ഡിഎഫ് -3509

ബിജെപി-3304

ശോഭനാ ജോര്‍ജ് – 628

പഞ്ചായത്ത് കക്ഷിനില- (13)

എല്‍ഡിഎഫ്- 6

യുഡിഎഫ്- 3

ബിജെപി- 4

 മുളക്കുഴ

കാല്‍നൂറ്റാണ്ടായി തുടര്‍ച്ചയായി ഭരണം കൈയാളുന്ന മുളക്കുഴ പഞ്ചായത്തില്‍ ഇക്കുറിയും ഇടതുപക്ഷത്തിന് കാര്യമായ ഭീഷണികളില്ല. സ്ഥാനാര്‍ത്ഥിയായ സജി ചെറിയാന്റെ സ്വന്തം പഞ്ചായത്ത് എന്ന ഘടകവും സിപിഐഎമ്മിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥതകള്‍ ചൂണ്ടിക്കാട്ടി യുഡിഎഫും ബിജെപിയും പ്രക്ഷോഭത്തിലാണ്.

പിറവി കൊണ്ട കാലം മുതല്‍ ഇന്നേ വരെ ഒരിക്കല്‍ മാത്രമാണ് മുളക്കുഴ പഞ്ചായത്ത് എല്‍ഡിഎഫിനെ കൈവിട്ടിട്ടുള്ളത്. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ 2000 വോട്ടിലേറെ ഭൂരിപക്ഷം പാര്‍ട്ടിക്ക് നേടിക്കൊടുത്ത പഞ്ചായത്തില്‍ അക്കാരണം കൊണ്ടു തന്നെ ഇക്കുറി പാര്‍ട്ടി കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന പഞ്ചായത്തു കൂടിയാണ് ഇത്. തുടര്‍ച്ചയായ ഭരണം അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 7.12 കോടി രൂപയുടെ പദ്ധതികള്‍ പഞ്ചായത്തിന്റെ കെടുകാര്യസ്ഥത മൂലം പാഴായെന്നാണ് മുഖ്യ ആരോപണം. 18 സീറ്റുളള പഞ്ചായത്തില്‍ 13 സീറ്റും സിപിഐഎമ്മിനാണ്. കോണ്‍ഗ്രസിനും ബിജെപിക്കം 2 വീതം സീറ്റുകളാണുളളത്. ഒരാള്‍ സ്വതന്ത്രനായും തെരഞ്ഞെടുക്കപ്പെട്ടു. ഭരണത്തിനെതിരായ ആരോപണങ്ങള്‍ സിപിഐഎം വോട്ടുകളില്‍ വിള്ളലുണ്ടാക്കുമോ അതോ നാട്ടുകാരനെന്ന ആനുകൂല്യം ഇടത് വോട്ടുകള്‍ ഇരട്ടിയാക്കുമോ എന്നറിയാന്‍ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം.

2011

യുഡിഎഫ് -7422

എല്‍ഡിഎഫ്- 7776

ബിജെപി- 1339

2016

യുഡിഎഫ് -5867

എല്‍ഡിഎഫ്-7236

ബിജെപി-4317

ശോഭനാ ജോര്‍ജ്- 455

കക്ഷിനില- (ആകെ അംഗങ്ങള്‍18)

എല്‍ഡിഎഫ് -13

യുഡിഎഫ് -2

ബിജെപി -2

സ്വതന്ത്രന്‍ – 1

പാണ്ടനാട്

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിജെപി വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന മേഖലയാണ് പാണ്ടനാട് പഞ്ചായത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. നഷ്ടമായ വോട്ടുകള്‍ തിരികെ പിടിക്കാന്‍ വന്‍ പ്രചരണമാണ് യുഡിഎഫ് പഞ്ചായത്തില്‍ നടത്തുന്നത്. എന്നാല്‍ തങ്ങള്‍ക്ക് എല്ലാക്കാലത്തും ലഭിക്കുന്ന വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാകില്ലെന്ന് എല്‍ഡിഎഫും പ്രതീക്ഷ വച്ച് പുലര്‍ത്തുന്നു.

13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുള്ള യുഡിഎഫിനാണ് ഭരണം. നാല് അംഗങ്ങളുള്ള ബിജെപി മുഖ്യ പ്രതിപക്ഷവും. എല്‍ഡിഎഫിന് രണ്ട് അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. 2011ലെ കണക്ക് പരിശോധിച്ചാല്‍ യുഡിഎഫിന് അനുകൂലമായിരുന്നു പഞ്ചായത്തിലെ വോട്ടിംഗ്. യുഡിഎഫ് 3614 വോട്ട് നേടിയപ്പോള്‍ 2385 വോട്ടാണ് ഇടതിന് ലഭിച്ചത്. 324 വോട്ട് മാത്രം നേടി ദയനീയ പ്രകടനമായിരിന്നു ബിജെപി നടത്തിയത്. എന്നാല്‍ 2016-ല്‍ ചിത്രം മാറി. പിസി വിഷ്ണുനാഥിനു 2616 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കെകെ രാമചന്ദ്രന്‍ നായര്‍ 2278 വോട്ടുകള്‍ പിടിച്ചു. ബിജെ പിയാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 2000 ത്തോളം വോട്ട് അധികം നേടി.

ഇടതു മുന്നണിയുമായി ശ്രീധരന്‍ പിള്ളയ്ക്കുള്ള വ്യത്യാസം കേവലം 78 വോട്ടുകള്‍മാത്രം. ഭൂരിപക്ഷം നിലനിര്‍ത്താനായെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വോട്ടു ചോര്‍ച്ചയാണ് യുഡിഎഫിനുണ്ടായത്. നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിയ്ക്കാനുള്ള ഊര്‍ജിത പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളില്‍ കുറവുണ്ടാവില്ലെന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നത്. പഞ്ചായത്ത് ഭരണത്തിന്റെ ദയനീയ പ്രകടനം ഇടതിന് അനുകൂലമാകുമെന്ന് സിപിഐഎമ്മും കരുതുന്നു. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പ്രകടനം പഞ്ചായത്തില്‍ മുന്നണി കാഴ്ചവച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പിലായിരുന്നുവെന്നതിലാണ് സിപിഐഎമ്മിന്റെ ആശ്വാസം. ബിഡിജെഎസ് ശക്തമായ പഞ്ചായത്ത് ആണെങ്കിലും ഭിന്നതകള്‍ വോട്ടു കുറയ്ക്കില്ല എന്നാണ്  ബിജെപിയുടെ പ്രതീക്ഷ.

2011

യുഡിഎഫ്- 3614

എല്‍ഡിഎഫ് – 2385

ബിജെപി- 324

2016

യുഡിഎഫ്- 2616

എല്‍ഡിഎഫ് -2328

ബിജെപി- 2250

ശോഭനാ ജോര്‍ജ്- 260

കക്ഷിനില ( ആകെ അംഗങ്ങള്‍ 13)

യുഡിഎഫ് – 7

ബിജെപി – 4

എല്‍ഡിഎഫ് – 2

ചെങ്ങന്നൂര്‍ നഗരസഭ

ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നത് ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലാണ്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ യുഡിഎഫ് പ്രതീക്ഷ വെറുതെയല്ലെന്ന് വ്യക്തമാവുകയും ചെയ്യും. എന്നാല്‍ ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് എല്‍ഡിഎഫിന്റേയും, ബിജെപിയുടേയും അവകാശവാദം.

40 വര്‍ഷത്തെ ചരിത്രമുള്ള ചെങ്ങന്നൂര്‍ നഗരസഭയില്‍ 36 വര്‍ഷവും അധികാരത്തിലിരുന്നത് യുഡിഎഫ് ആണ്. കഴിഞ്ഞ കാല നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നഗരസഭയിലെ മേല്‍ക്കൈ യുഡിഎഫിനെ സഹായിച്ചിട്ടുമുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോഴും ചെങ്ങന്നൂര്‍ നഗരസഭയില്‍ യുഡിഎഫിനായിരിന്നു വോട്ട് കൂടുതല്‍. യുഡിഎഫിന് 4992 ഉം എല്‍ഡിഎഫിന് 4491 ഉം ബിജെപിക്ക് 4182 ഉം വോട്ടുകള്‍ ലഭിച്ചു. 27 അംഗങ്ങളുള്ള നഗരസഭയില്‍ ഒന്‍പത് പേര്‍ വീതമാണ് എല്‍ഡിഎഫിനും യുഡിഎഫിനുമുള്ളത്. എന്‍ഡിഎക്ക് ആറും കേരള കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളുമാണുള്ളത്. അടുത്തിടെ ബിജെപിക്ക് നഗരസഭാ പരിധിയില്‍ ഉണ്ടായ മേല്‍ക്കൈ ഇരുമുന്നണികളേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. 2010-ല്‍ 5.8 ശതമാനം മാത്രം വോട്ട് വിഹിതമുണ്ടായിരിന്ന ബിജെപി 2015 ആയപ്പോള്‍ 23.36 ശതമാനമായി വോട്ട് വിഹിതം ഉയര്‍ത്തി. നഗരസഭയില്‍ മൂന്ന് അംഗങ്ങള്‍ ഉള്ളത് കൊണ്ട് ശക്തമായ ത്രികോണ മത്സരത്തില്‍ കേരള കോണ്‍ഗ്രസ് വോട്ടും നിര്‍ണായകമാണ്.

2011

യുഡിഎഫ്-7731

എല്‍ഡിഎഫ്  – 4331

എന്‍ഡിഎ- 568

2016

യുഡിഎഫ്-4992

എല്‍ഡിഎഫ്  -4591

എന്‍ഡിഎ-4182

കക്ഷിനില ( ആകെ അംഗങ്ങള്‍ 27)

എല്‍ഡിഎഫ്.- 9

യുഡിഎഫ്. – 9

കേരളകോണ്‍ഗ്രസ് (എം)- 3

എന്‍ഡിഎ – 6

DONT MISS
Top