നിപ വൈറസിനുള്ള മരുന്ന് ‘റിബ വൈറിന്‍’ കോഴിക്കോട് എത്തിച്ചു

ഫയല്‍ചിത്രം

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചു. റിബ വൈറിന്‍ എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. 8000 ഗുളികളാണ് എത്തിച്ചത്. ബാക്കി ഗുളികകള്‍ വരും ദിവസങ്ങളില്‍ എത്തിക്കും. പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമേ മരുന്ന് നല്‍കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം നിപാ വൈറസ് രോഗ ലക്ഷണങ്ങളോടെ രണ്ടു പേരെകൂടി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഇന്ന് പ്രവേശിപ്പിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളാണിവര്‍. ഇതോടെ നിപാ വൈറസ് ബാധിതരുടെ എണ്ണം 13 ആയി. മൂന്നു പേരുടെ നിലഗുരതരമായി തുടരുന്നു. അതേ സമയം കേന്ദ്രസംഘങ്ങളുടെ പരിശോധന ജില്ലയില്‍ തുടരുകയാണ്.

കോഴിക്കോട് ജില്ലയില്‍ നിലിവില്‍ 13 പേര്‍ക്കാണ് നിപാ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. നിലവില്‍ 11 പേരാണ് മരണപ്പെട്ടത്. 22 പേര്‍ നിരീക്ഷണത്തിലാണ്.

കോഴിക്കോട് ജില്ലയില്‍ നിലവില്‍ കേന്ദ്രത്തില്‍ നിന്നുള്ള 3 സംഘങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ കോഴിക്കോട് കൂരാച്ചുണ്ടിലും,ചക്കിട്ടപ്പാറയിലുമായി അന്‍പതിലധികം കുടുംബങ്ങള്‍ വീടൊഴിഞ്ഞു.പലരും രോഗം പടരുമെന്ന ഭീഷണിയെത്തുടര്‍ന്ന് ബന്ധുവീട്ടിലേക്കാണ് മാറിയത്. എന്നാല്‍ കുടുംബങ്ങളുടെ പലായനം തടയുന്നതിന് ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് നേതൃത്വവും കൃത്യമായ ബോധവല്‍ക്കരണവുമായി രംഗത്തുണ്ട്.

DONT MISS
Top