നിപാ വൈറസ്: രക്തസാമ്പിളുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് സംവിധാനമില്ലാത്തത് തിരിച്ചടിയായി

കെകെ ശൈലജ

കോഴിക്കോട്:  കേരളത്തില്‍ നിപാ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രക്തസാമ്പിളുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് സംവിധാനമില്ലാത്തത് തിരിച്ചടിയായി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പികെ ശ്രീമതി പുനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  മാതൃകയില്‍ ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആരോഗ്യവകുപ്പിന്റെ അലംഭാവം മൂലം പദ്ധതിയാഥാര്‍ത്ഥ്യമാകാതെ പോവുകയായിരുന്നു.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയും ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന് അഞ്ചേക്കര്‍ സ്ഥലം വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. മെഡിക്കല്‍ കോളെജിന്റെ അധീനതയിലെ സ്ഥലം ഇതിന് വിട്ടുനല്‍കി മതില്‍ കെട്ടിത്തിരിച്ചു. എന്നാല്‍ പലഘട്ടങ്ങളിലും ചര്‍ച്ച നടന്നെങ്കിലും നിര്‍മാണ ചുമതല കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് നല്‍കണോ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നല്‍കണോ എന്ന തര്‍ക്കത്തിലേക്ക് നീണ്ടു പോയതോടെ പദ്ധതിയാഥാര്‍ത്ഥ്യമാകാതെയായി.

നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നിപാ വൈറസ് കൂടി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ എത്രയും വേഗത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്  സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 2008ല്‍ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രി കെട്ടിടത്തില്‍ ലാബിന് സൗകര്യമൊരുക്കിയിരുന്നു. ആശുപത്രിയില്‍ ഒമ്പത് മുറി ഇതിനായി വിട്ടുനല്‍കി. 3.10 കോടി രൂപയുടെ അത്യാധുനിക യന്ത്രോപകരണങ്ങള്‍ വിദേശത്തുനിന്നുള്‍പ്പെടെ ഇറക്കുമതിചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ അലംഭാവം മൂലം മാണ് പദ്ധതി എവിടെയും എത്താതെ പോയത്.

DONT MISS
Top