ഇന്ധന വിലവര്‍ധന: മോദി ഭരണകൂടത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: ഇന്ധനവില പ്രതിദിനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന മോദി ഭരണകൂടത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വിഎം സുധീരന്‍. ഇന്ധന വിലവര്‍ധനവില്‍ നിന്ന് അധികമായി ലഭിക്കുന്ന നികുതി ഉപേക്ഷിക്കാത്ത പിണറായി സര്‍ക്കാരും അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ചതിക്കുകയാണ് ചെയ്യുന്നതെന്നും, ഇരു കൂട്ടര്‍ക്കും ശക്തമായ തിരിച്ചടി ചെങ്ങന്നൂരിലെ ജനങ്ങള്‍ നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഇന്ധനവില പ്രതിദിനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന മോദി ഭരണകൂടത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കടുത്ത ജനവഞ്ചനയാണിത്. ഇന്ധനവില ഇപ്പോള്‍ അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. പെട്രോളിന് ഇന്നത്തെ വില ലിറ്ററിന് 81 രൂപയും ഡീസലിന് 73.88 ഉം ആണ്.

അന്യായമായ ഈ വിലവര്‍ധനവിനെതിരെ പുറമേ എതിര്‍ക്കുന്നു എന്ന് ഭാവിക്കുകയും അതേസമയം ഇന്ധനവില വര്‍ധിക്കുന്നതിന്റെ ഫലമായി അധികമായി ലഭിക്കുന്ന നികുതി ഉപേക്ഷിച്ച് ജനങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കാന്‍ തയ്യാറാകാതെ ആ അധികനികുതി ആസ്വദിച്ച് അനുഭവിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരും അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ചതിക്കുകയാണ് ചെയ്യുന്നത്. ജനദ്രോഹത്തില്‍ മോദി-പിണറായി സര്‍ക്കാരുകള്‍ ചക്കിക്കൊത്ത ചങ്കരന്‍ തന്നെ. ഇരു കൂട്ടര്‍ക്കും ശക്തമായ തിരിച്ചടി ചെങ്ങന്നൂരിലെ ജനങ്ങള്‍ നല്‍കും, സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top