“ഏത് കോണില്‍ പൊട്ടിപ്പുറപ്പെടുന്ന വ്യാധിയും കേരളത്തില്‍ പടരുന്നതിന്റെ കാരണത്തെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണം, കേരളാ മോഡല്‍ ആരോഗ്യരംഗം ഊതിപ്പെരുപ്പിച്ച കുമിളയാണെന്ന് ഓരോ സംഭവങ്ങളും തെളിയിക്കുകയാണ്”, ദുരന്തം സംഭവിക്കുന്നതിനിടയില്‍ വീണ്ടും രാഷ്ട്രീയ മുതലെടുപ്പുമായി കുമ്മനം

കുമ്മനം രാജശേഖരന്‍

കൊച്ചി: കേരളാ മോഡല്‍ ആരോഗ്യ രംഗമെന്നത് ഊതിപ്പെരുപ്പിച്ച കുമിളയാണെന്നാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിപാ പനി പടരുന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു കുമ്മനം. വൈറല്‍ പനി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് പറഞ്ഞ കുമ്മനം സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ അടിയന്തരമായി നിര്‍ത്തിവെച്ച് മന്ത്രിമാര്‍ ഭരണപരമായ കടമകള്‍ നിര്‍വഹിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ആരോഗ്യരംഗം തന്നെ രോഗാതുരമാണെന്നും, ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 35 കോടിയോളം രൂപ അനുവദിച്ചെങ്കിലും അത് വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും കുമ്മനം ആരോപിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

നിപാ പനി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ അടിയന്തിരമായി നിര്‍ത്തിവെച്ച് മന്ത്രിമാര്‍ ഭരണപരമായ കടമകള്‍ നിര്‍വഹിക്കണം. രോഗീ പരിചരണത്തിനിടെ മരണപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ചികിത്സയ്ക്ക് തയ്യാറാകുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സുരക്ഷ ഒരുക്കണം. ലോകത്തിന്റെ ഏത് കോണില്‍ പൊട്ടിപ്പുറപ്പെടുന്ന വ്യാധിയും കേരളത്തില്‍ പടരുന്നതിന്റെ കാരണത്തെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണം.

കേരളത്തിന്റെ ആരോഗ്യരംഗം തന്നെ രോഗാതുരമാണ്. ഇതേപ്പറ്റി സര്‍ക്കാര്‍ അടിയന്തിരമായ കൂടിയാലോചന നടത്തണം. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 35 കോടിയോളം രൂപ അനുവദിച്ചെങ്കിലും അത് വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് കുറ്റകരമായ അനാസ്ഥയാണ്. കേരളാ മോഡല്‍ ആരോഗ്യ രംഗമെന്നത് ഊതിപ്പെരുപ്പിച്ച കുമിളയാണെന്ന് ഓരോ സംഭവങ്ങളും തെളിയിക്കുകയാണ്, കുമ്മനം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top