നിപാ വൈറസ്: പഠനം നടത്താന്‍ കേന്ദ്ര സംഘം കോഴിക്കോട് എത്തി

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപാ വൈറസിനെക്കുറിച്ച് വിദഗ്ദ പഠനം നടത്താന്‍ കേന്ദ്ര സംഘം കോഴിക്കോട് എത്തി. രോഗബാധിത മേഖലകളില്‍ സംഘം സന്ദര്‍ശനം നടത്തും. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി കേന്ദ്ര സംഘം കൂട്ടിക്കാഴ്ച നടത്തി. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌നും, ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ കളക്ടറും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. വൈറസ് ബാധ തടയുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ കേന്ദ്ര സംഘത്തിന് വിശദീകരിച്ച് നല്‍കി.

കേന്ദ്ര സംഘം പേരാമ്പ്രയില്‍ സന്ദര്‍ശനം നടത്തും. മരണം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശിക്കും. തുടര്‍ന്ന് ഇവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും. കൂടാതെ സമീപത്തുള്ള വീട്ടുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണ പരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കേന്ദ്ര സംഘം കോഴിക്കോട് ഉണ്ടാകും.

ഇന്നലെയും ഇന്നും ശേഖരിച്ച രക്തസാമ്പിളുകള്‍ എല്ലാം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അതിന്റെ പരിശോധനാ ഫലങ്ങള്‍ നാളെ വൈകിട്ടോടെ ലഭ്യമാകും. നിലവില്‍ ഒന്‍പതുപേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇതില്‍ മൂന്നു പേരുടെ മരണം നിപാ വൈറസുമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ എട്ടു പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

DONT MISS
Top