കര്‍ണാടക നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

എച്ച്ഡി കുമാരസ്വാമി

ബംഗളുരു: കര്‍ണാടകത്തിന്റെ നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഇന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ കൂടികാഴ്ച നടത്തും. സത്യപ്രതിജ്ഞക്കു നേരിട്ട് ക്ഷണിക്കുന്നതിനൊപ്പം മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയാകും. വൈകീട്ട് 3.30 നാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. അതിനു ശേഷം 4.30 ന് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. കുമാരസ്വാമി സര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കാളികളാകും. പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും സര്‍ക്കാരില്‍ പങ്കാളിയാകാന്‍ ജെഡിഎസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 20 ഉം ജെഡിഎസിന് 13 ഉം സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ധാരണ ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ ഉണ്ടായതായാണ് വിവരം. രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചേക്കും. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇതും ചര്‍ച്ചയിലൂടെ തീരുമാനിക്കും. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, ആഭ്യന്തരവകുപ്പ് കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ മെയ് 21 ന് എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍ അന്ന് രാജീവ് ഗാന്ധിയുടെ ചരമദിനം ആയതിനാല്‍ കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മാനിച്ച് 23 ലേക്ക് മാറ്റുകയായിരുന്നു. മെയ് 21 ന് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാല്‍ അന്ന് സത്യപ്രതിജ്ഞ നടത്തുന്നത് ഉചിതമല്ലെന്നും അതിനാലാണ് മാറ്റിവെച്ചതെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

DONT MISS
Top