കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, സര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കാളിയാകും

ബംഗളുരു: കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമി മെയ് 23 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ക്ഷണിച്ചു. സര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കാളികളാകും.

അതേസമയം, മന്ത്രിസഭയിലെ പങ്കാളിത്തം സംബന്ധിച്ച് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണ ആയതായാണ് സൂചന. കോണ്‍ഗ്രസിന് 20 ഉം ജെഡിഎസിന് 13 ഉം മന്ത്രിമാരാണ് ഉണ്ടാവുക. ഉപമുഖ്യമന്ത്രിസ്ഥാനം ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിന് 20 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുക. സഖ്യത്തില്‍ കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 36 ഉം അംഗങ്ങളാണ് ഉള്ളത്.

കഴിഞ്ഞ ദിവസം വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പാണ് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. 55 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രപദത്തിലിരുന്ന ശേഷമായിരുന്നു രാജി. പ്രതിപക്ഷ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് രാജിവച്ച് ഒഴിയാന്‍ യെദ്യൂരപ്പയും ബിജെപിയും നിര്‍ബന്ധിതരായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top