പ്രോടേം സ്പീക്കര്‍ നിയമനം; കോണ്‍ഗ്രസ്-ജെഡിഎസ് ഹര്‍ജി ഇന്ന് രാവിലെ കോടതി പരിഗണിക്കും

സുപ്രിം കോടതി

ദില്ലി: കര്‍ണാടക നിയമസഭയിലെ പ്രോടേം സ്പീക്കറായി ബൊപ്പയ്യയെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30 ന് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കര്‍ണാടക നിയമസഭയില്‍ ഇന്ന് നടക്കുന്ന വിശ്വാസ പ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വീഡിയോയില്‍ ചിത്രീകരിക്കാന്‍ നിര്‍ദേശിക്കണം എന്നും കോണ്‍ഗ്രസും ജെഡിഎസും ഇന്ന് സുപ്രിം കോടതിയില്‍ ആവശ്യപ്പെടും.

കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കേണ്ടത് വൈകിട്ട് 4 മണിക്കാണ്. അതിന് മുമ്പ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കണം. പ്രോടേം സ്പീക്കറുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ നടക്കേണ്ടത്. പ്രോടേം സ്പീക്കറായി സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം ഗവര്‍ണര്‍ നിയോഗിച്ചത് ബൊപ്പയ്യയെ. എന്നാല്‍ ബൊപ്പയ്യയ പ്രോടേം സ്പീക്കര്‍ ആയി തുടരുമോ എന്ന് ഇന്ന് രാവിലെ 10 .30 ന് സുപ്രിം കോടതിയില്‍ നടക്കുന്ന വാദത്തിന് ഒടുവില്‍ മാത്രമേ വ്യക്തമാകുകയുള്ളു. ബൊപ്പയ്യയെ പ്രോടേം സ്പീക്കര്‍ ആയി നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെ ഡി എസും സുപ്രീം കോടതിയെ സമീപിച്ചത് ഇന്നലെ രാത്രിയാണ്. അടിയന്തരമായി വാദം കേള്‍ക്കണം എന്ന ആവശ്യം കോടതി രാത്രി വൈകി അംഗീകരിച്ചു.

എട്ട് തവണ നിയമസഭാ അംഗമായ കോണ്‍ഗ്രസ് അംഗം ആര്‍വി ദേശ് പാണ്ഡെയെ തഴഞ്ഞാണ് മൂന്ന് തവണ മാത്രം എംഎല്‍എ ആയിട്ടുള്ള ബൊപ്പയ്യയെ നിയമിച്ചത് എന്നതാണ് ഹര്‍ജിലിയിലെ പ്രധാന ആരോപണം. നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കര്‍ ആയി നിയമിക്കണം എന്ന കീഴ്‌വഴക്കം ഗവര്‍ണര്‍ ലംഘിച്ചു എന്നും കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ ആരോപിക്കുന്നു. 2011 ല്‍ മുഖ്യമന്ത്രി യെദ്യൂയൂരപ്പയ്‌ക്കെതിരെ വിമതസ്വരം ഉയര്‍ത്തിയ 11 എംഎല്‍എമാരെ അയോഗ്യരാക്കിയ ചരിത്രവുമുണ്ട് ബൊപ്പയ്യക്ക്. ഈ നടപടിയെ 2011 ല്‍ ജസ്റ്റിസ്മാരായ ആല്‍ത്തമാസ് കബീര്‍, സിറിയക്ക് ജോസഫ് എന്നിവര്‍ അടങ്ങിയ സുപ്രിം കോടതി ബെഞ്ച് നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 2011 ലെ ഉത്തരവും ഇന്ന് സുപ്രിം കോടതിയില്‍ ചൂണ്ടിക്കാണിക്കപെടും.

DONT MISS
Top