കര്‍ണാടകയിലേക്ക് കണ്ണും നട്ട് രാജ്യം; ഒളിവിലിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളൂരുവിലേയ്ക്ക് തിരിച്ചു

ബംഗളൂരു: ഹൈദരാബാദില്‍ ഒളിവില്‍ താമസിപ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളൂരുവിലേയ്ക്ക് തിരിച്ചു. യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് നേടണമെന്ന സുപ്രിം കോടതി നിര്‍ദേശത്തിന്റെ സാഹചര്യത്തിലാണിത്. എംഎല്‍എമാരെ നാളെ ഉച്ചയ്ക്ക് ശേഷം നിയമസഭയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

അതേസമയം ഹൈദരാബാദില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നു തീരുമാനം.

ഇന്നലെ രാത്രി എംഎല്‍എമാരെ ഇവര്‍ താമസിച്ചിരുന്ന ബാംഗളൂരുവിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചിയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റാനായിരുന്നു കോണ്‍ഗ്രസ്, ജനതാദള്‍ നേതൃത്വത്തിന്റെ ആലോചന. വിമാനം ചാര്‍ട്ടര്‍ ചെയ്ത് എംഎല്‍എമാരെ കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ചാര്‍ട്ടര്‍ വിമാനം അനുവദിക്കാന്‍ തയാറായില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ചാര്‍ട്ടേഡ് വിമാനം അനുവദിക്കാതിരുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് ബസുകളില്‍ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ ആദ്യം ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും ഹൈദരാബാദിലെ ഹോട്ടലില്‍ എത്തിച്ചു. ഹൈദരാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് എംഎല്‍എമാര്‍ തങ്ങിയത്.

DONT MISS
Top