“റിസോര്‍ട്ട് ഉടമയുടെ കൈയില്‍ 113 എംഎല്‍എമാരുണ്ട്, അദ്ദേഹവും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു”: വാദത്തിനിടെ ട്രോള്‍ പറഞ്ഞ് ജസ്റ്റിസ് സിക്രി, പൊട്ടിച്ചിരിച്ച് കോടതി

ദില്ലി: ചൂടേറിയ വാദപ്രതിവാദങ്ങള്‍ മാത്രമല്ല, ചിരിയുടെ പൊടിപൂരവും ഇന്ന് സുപ്രിം കോടതിയില്‍ കണ്ടു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിവിധ കക്ഷികള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ വന്നിരിക്കുന്ന ട്രോള്‍ ആണ് കോടതിമുറിക്കുള്ളില്‍ പൊട്ടിച്ചിരിക്ക് വഴിവെച്ചത്. ബിഎസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കവെയായിരുന്നു ഇത്. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗബെഞ്ചായിരുന്നു വാദം കേട്ടത്.

വാദത്തിനിടെ ജസ്റ്റിസ് എകെ സിക്രി തന്നെയാണ് ട്രോള്‍ പറഞ്ഞ് കോടതി മുറിയില്‍ പൊട്ടിച്ചിരിപടര്‍ത്തിയത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഒരു ട്രോളാണ് ജസ്റ്റിസ് സിക്രി ഉദ്ധരിച്ചത്.

ഇതിനിടെ ഒരു വാട്ട്‌സ്ആപ്പ് മെസേജ് ഞങ്ങള്‍ക്ക് ലഭിച്ചു എന്ന് പറഞ്ഞ ജസ്റ്റിസ് സിക്രി ട്രോള്‍ കോടതിയില്‍ വായിച്ചു. “തന്റെ കൈവശം 113 എംഎല്‍എമാര്‍ ഉണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിന്റെ ഉടമ ഗവര്‍ണറെ സമീപിച്ചു”. ഇതായിരുന്നു ആ ട്രോള്‍. സിക്രി പറഞ്ഞു. ഇതോടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്ന കോടതി മുറിയില്‍ ആകെ ചിരി പടര്‍ന്നു.

ജസ്റ്റിസ് സിക്രിക്ക് പുറമെ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ നാളെത്തന്നെ സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് കോടതി ഉത്തരവിട്ടു. നാളെ നാലുമണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസത്തെ സമയമായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് നല്‍കിയിരുന്നത്. ഏഴ് ദിവസത്തെ സമയം വേണമെന്ന് യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രവുമല്ല, വിശ്വാസവോട്ടെടുപ്പിന് മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. വോട്ടെടുപ്പില്‍ രഹസ്യബാലറ്റ് ആവശ്യമില്ലെന്നും സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ തന്നെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top