ഡേ-നൈറ്റ് മത്സരങ്ങള്‍ കളിക്കുന്നതില്‍ എന്താണ് പ്രശ്‌നം; നിലപാട് വ്യക്തമാക്കി ഹര്‍ഭജന്‍ സിംഗ്‌

ഹര്‍ഭജന്‍ സിംഗ്

ദില്ലി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഡേ-നൈറ്റ് മത്സരം കളിക്കാന്‍ വിസമ്മതിച്ച ബിസിസിഐ നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യയുടെ ഹര്‍ഭജന്‍ സിംഗ്. പിങ്ക് ബോളില്‍ കളിക്കുന്ന പകല്‍-രാത്രി മത്സരം പരീക്ഷിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച ഹര്‍ഭജന്‍ ആ വെല്ലുവിളി നമ്മള്‍ ഏറ്റെടുക്കേണ്ടതായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പകല്‍-രാത്രി മത്സരങ്ങള്‍ കളിക്കാനാഗ്രഹിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇത് രസകരമായ ഒരു ഫോര്‍മാറ്റാണ്, അത് പരീക്ഷിച്ച് നോക്കണം. പിങ്ക് ബോളില്‍ കളിക്കുന്നതില്‍ ആശങ്കയെന്താണ്? കളിച്ചു നോക്കിയാല്‍ മാത്രമെ അതുമായി പൊരുത്തപ്പെടാന്‍ സാധിക്കുകയുള്ളൂ. കരുതുന്നതുപോലെ പ്രയാസമുള്ള ഒന്നല്ല അത്, സ്പിന്നര്‍ കൂടിയായ ഹര്‍ഭജന്‍ വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ പരീക്ഷണമായ പിങ്ക് ബോള്‍ ടെസ്റ്റിനോട് അനുകൂലമായ നിലപാടല്ല ബിസിസിഐക്കുള്ളത്. നവംബറില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയയില്‍ പര്യടനത്തില്‍ ഒരു പിങ്ക് ബോള്‍ ടെസ്റ്റ് മത്സരം നടത്താമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്ത്യ നിര്‍ദ്ദേശം നിരാകരിക്കുകയായിരുന്നു. ടെസ്റ്റ് മത്സരങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായും കാണികളെ സ്റ്റേഡിയങ്ങളിലെത്തിക്കാനും ഐസിസി കണ്ടെത്തിയ പുതിയ മാര്‍ഗമായിരുന്നു പിങ്ക് ബോള്‍ മത്സരങ്ങള്‍.

നേരത്തെ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം മാര്‍ക്ക് വോയും ഡേ-നൈറ്റ് മത്സരം വേണ്ടെന്നുവെച്ച ബിസിസിഐ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ട് വരാന്‍ ഇന്ത്യ താത്പര്യം കാണിക്കുന്നില്ലെന്നായിരുന്നു വോയുടെ ആരോപണം. ടെസ്റ്റ് ക്രിക്കറ്റിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഇന്ത്യ പകല്‍-രാത്രി മത്സരങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കണമെന്നും, ഇന്ത്യ സ്വാര്‍ത്ഥത മാറ്റിവെയ്ക്കണമെന്നും വോ കൂട്ടിച്ചേര്‍ത്തു. ഡേ-നൈറ്റ് മത്സരങ്ങളുടെ ജനപ്രീതി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

DONT MISS
Top