സുപ്രിം കോടതിയില്‍ എല്ലാം പിഴച്ച് ബിജെപി, വാദങ്ങള്‍ ഒന്നും അംഗീകരിച്ചില്ല

ദില്ലി: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ നാളെത്തന്നെ വിശ്വാസവോട്ട് തേടണമെന്ന സുപ്രിം കോടതി വിധി ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ എല്ലാ വാദങ്ങളും ഇന്ന് കോടതിയില്‍ പരാജയപ്പെട്ടു. ബിജെപി ഉന്നയിച്ച ആവശ്യങ്ങളൊന്നും കോടതി ഇന്ന് അംഗീകരിച്ചില്ല.

യെദ്യൂരപ്പയ്ക്ക് വേണ്ടി മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്ത്ഗിയാണ് ഹാജരായത്. വാദം തുടങ്ങിയപ്പോള്‍ത്തന്നെ എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എപ്പോള്‍ വേണമെങ്കിലും വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്നായിരുന്നു റോത്ത്ഗിയുടെ നിലപാട്. നാളെ വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി വ്യക്തമാക്കി. വാദത്തിനൊടുവില്‍ നാളെത്തന്നെ വിശ്വാസവോട്ട് തേടാന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ വിശ്വാസവോട്ട് തേടാന്‍ ഏഴ് ദിവസത്തെ സാവകാശം വേണമെന്ന് റോത്ത്ഗി ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുക്തിസഹമായ സാവകാശമെങ്കിലും നല്‍കണമെന്നും അതിനാല്‍ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ചയാക്കണമെന്നും ആവശ്യപ്പെട്ടു. ഇതും കോടതി മുഖവിലയ്‌ക്കെടുത്തില്ല. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയിലെ റിസോര്‍ട്ടിലും മറ്റും പൂട്ടിയിട്ടിരിക്കുകയാണെന്നും അവര്‍ക്കും വോട്ട് ചെയ്യാന്‍ എത്തണമല്ലോ എന്നുമായിരുന്നു ഇതിന് കാരണമായി റോത്ത്ഗി ചൂണ്ടിക്കാട്ടിയത്. തങ്ങളുടെ എംഎല്‍എമാരെപ്പറ്റി ഇപ്പോള്‍ ഇവര്‍ക്ക് എന്തൊരു ആശങ്കയാണെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വി പരിഹസിച്ചു. വാദത്തിനൊടുവില്‍ കോടതി വിധിച്ചു-വിശ്വാസവോട്ടെടുപ്പ് നാളെത്തന്നെ നടത്തണം. ഒന്നുകില്‍ രണ്ട് മണിക്ക്, കൂടിവന്നാല്‍ നാലുമണിക്ക്.

വിശ്വാസവോട്ടെടുപ്പ് രഹസ്യബാലറ്റില്‍ വേണമെന്ന ബിജെപിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഏത് രീതിയില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രോടേം സ്പീക്കര്‍ തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. സഭയിലെ ഏറ്റവും മുതുര്‍ന്ന അംഗമായിരിക്കണം പ്രോടേം സ്പീക്കറെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ എംഎല്‍എമാര്‍ക്കും സുരക്ഷിതരായി സഭയിലെത്തി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് കര്‍ണാടക ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള ബിജെപിയുടെ നീക്കത്തിനും കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റു. ഭൂരിപക്ഷം തെളിയിക്കുന്നത് വരെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്ന് മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് എകെ സിക്രി വിധിച്ചു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സഖ്യം ഹര്‍ജി നല്‍കിയിരുന്നു.

നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കോടതി വിലക്കുകയും ചെയ്തിട്ടുണ്ട്.

DONT MISS
Top