കര്‍ണാടക: ഇന്റലിജന്‍സ് മേധാവി അടക്കം 4 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി, എംഎല്‍എമാര്‍ക്ക് കേരളത്തിലേക്ക് പോകാന്‍ വിമാനം അനുവദിച്ചില്ല; വന്‍ കളികളുമായി ബിജെപി

ബംഗളുരു: അധികാരത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകം യദ്യൂരപ്പയുടെ രാഷ്ട്രീയക്കളികള്‍ക്ക് കര്‍ണാടകം സാക്ഷിയാകുന്നു. കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ പണം നീക്കിവയ്ക്കുമെന്ന് പ്രഖ്യാപിച്ച യദ്യൂരപ്പ രാഷ്ട്രീയ കളികളിലേക്കും കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നാല് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് യദ്യൂരപ്പ സ്ഥലംമാറ്റിയത്. ഇതിലൊരാള്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയാണ്.

അതിനിടെ കേരളത്തിലേക്ക് വരാന്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായി കാത്ത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ നിരാശരായി. ഇവര്‍ക്ക് ഡിജിസിഎ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായുള്ള അനുമതി നല്‍കിയില്ല. നേരത്തെ കാരണം വെളിപ്പെടുത്താതെ വിമാനങ്ങള്‍ വൈകിച്ചിരുന്നു. ഇപ്പോള്‍ വിമാനങ്ങള്‍ നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതും കേന്ദ്രത്തിന്റെ ഒരു രാഷ്ട്രീയ നീക്കമായിത്തന്നെ കാണാം. എച്ച്ഡി കുമാരസ്വാമി ഇത് രാഷ്ട്രീയ ഇടപെടാലാണെന്ന് ആരോപിക്കുകയും ചെയ്തു.

ഇതേസമയം, എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ബാംഗളുരു നഗരപ്രാന്തത്തിലുള്ള രാമനഗര ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള പൊലീസ് കാവല്‍ പിന്‍വലിച്ചു. ഇവിടെയുള്ള പൊലീസുകാര്‍ ഉടന്‍ മാറാനാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഉത്തരവ്. എംഎല്‍എമാരെത്തിയതിന് പിന്നാലെ ഇവിടെ പൊലീസിന്റെ ശക്തമായ കാവല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് പുതിയ മുഖ്യമന്ത്രി യെദ്യൂരപ്പ പിന്‍വലിച്ചത്.

എംഎല്‍എമാരെ പക്ഷം മാറ്റാനുള്ള ശ്രമം പൊലീസ് കാവലില്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് യെദ്യൂരപ്പ ഇവിടെ നിന്ന് പൊലീസിനെ മാറ്റിയത്. ഒരുപക്ഷെ ബലംപ്രയോഗിച്ച് റിസോര്‍ട്ടില്‍ കടന്ന് എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ വരെയുണ്ടാകും.

ഈ അപകടം മുന്നില്‍ക്കണ്ടാണ് ജെഡിഎസും കോണ്‍ഗ്രസും എംഎല്‍എമാരെ ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. അയല്‍ സംസ്ഥാനമായ തെലുങ്കാനയിലെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും എംഎല്‍എമാര്‍ക്ക് സുരക്ഷിത താവളം തങ്ങളുടെ സംസ്ഥാനത്ത് ഒരുക്കാമെന്ന് കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങളെ അറിയിച്ചിരുന്നു.

ഇതേതുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍പ്പെടുന്ന ഹൈദരാബാദ്, വിശാഖപട്ടണം എന്നിവടങ്ങളിലേക്ക് എംഎല്‍എമാരെ കൊണ്ടുപോകാനും ആലോചനയുണ്ട്. ഇതുകൂടാതെ പഞ്ചാബ്, ദില്ലി തുടങ്ങിയ സ്ഥലങ്ങളും പരിഗണനയിലുണ്ട്. ബിജെപി ഒഴികെയുള്ള കക്ഷികളുടെ ഭരണം നടക്കുന്ന സംസ്ഥാനങ്ങളായതിനാല്‍ ഇവിടെ എംഎല്‍എമാരെ മറുകണ്ടം ചാടാതെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്, ജനതാദള്‍ നേതൃത്വങ്ങളുടെ കണക്കുകൂട്ടല്‍.

DONT MISS
Top